തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതിൽ ഗുരുതര ക്രമക്കേട്. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെയാണ് പിഎസ്സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പെർസ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫായി ഒന്നാം റാങ്ക് നേടിയ അരുണ് ജെ. പ്രതാപിനെ കഴിഞ്ഞ വർഷം നിയമിച്ചിരുന്നു.
മാർക്കിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ. ശ്യാം കൃഷ്ണൻ ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാൻ പിഎസ്സിയെ സമീപിക്കുകയായിരുന്നു. ഓൺ-സ്ക്രീൻ മാർക്കിംഗിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് മാർക്ക് നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് പരാതി നൽകിയത്.
തുടർന്ന് പിഎസ്സി നടത്തിയ പ്രാഥമിക പരിശോധനയിൽ പരീക്ഷ എഴുതിയ 228 പേരുടെയും ഉത്തരക്കടലാസുകളിൽ ഈ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.
2023 ജൂലൈ 13നായിരുന്നു പൊതുപ്രാഥമിക പരീക്ഷ നടന്നത്. 228 പേരാണ് പരീക്ഷ എഴുതിയത്. 2025 മെയ് 31നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
സംഭവം വിവാദമായതോടെ ആഭ്യന്തര അന്വേഷണത്തിനൊരുങ്ങുകയാണ് പിഎസ്സി. ഇന്ന് ചേരുന്ന പിഎസ്സി യോഗം പരാതി പരിശോധിക്കും. ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടേക്കും.
ഡിവൈഎസ്പി, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കുശേഷമാണ് പിഎസ്സിയെ വീണ്ടും വിവാദത്തിലാക്കുന്ന പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്.

