Home Top Storiesധനകാര്യ ബില്ലിൽ നികുതി ഇളവ് ചേർത്ത ശേഷം UDF ചർച്ചയ്ക്ക് എന്ത് പ്രസക്തി?; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

ധനകാര്യ ബില്ലിൽ നികുതി ഇളവ് ചേർത്ത ശേഷം UDF ചർച്ചയ്ക്ക് എന്ത് പ്രസക്തി?; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

by news_desk1
0 comments

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന നിർദേശം ധനകാര്യ ബില്ലിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ നിയമസഭ പാസാക്കിയാൽ അത് നിയമമാകുമെന്നും, പിന്നീട് അത് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിൽ നിയമത്തിന്റെ ഭാഗമായ ശേഷം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നികുതി നിർദേശം മരവിപ്പിക്കാനും കഴിയില്ല. അങ്ങനെയിരിക്കെ നികുതി ഇളവിനുള്ള നിർദേശം ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ ശേഷം യുഡിഎഫിൽ ചർച്ച നടത്തുന്നതിന് എന്ത് പ്രസക്തിയാണുള്ളതെന്ന് പിണറായി വിജയൻ ചോദിച്ചു. മദ്യക്കമ്പനിയുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണ് ഈ നീക്കമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

ബജറ്റ് അവതരിപ്പിച്ചതു മുതൽ അതിലെ പ്രഖ്യാപനങ്ങളെ മുഖ്യമന്ത്രി നയപരമായ രാഷ്ട്രീയ നിലപാടെന്ന നിലയിൽ ന്യായീകരിച്ചുവെന്നും, എന്നാൽ മദ്യനികുതി ഇളവിന്റെ കാര്യത്തിൽ മാത്രം അത് യുഡിഎഫിന്റെ തീരുമാനമല്ലെന്ന നിലപാട് സ്വീകരിച്ചതിൽ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം, മാധ്യമങ്ങൾ, മത-സാമുദായിക സംഘടനകൾ, കോൺഗ്രസിലെ ഒരു വിഭാഗം, ഘടകകക്ഷികൾ എന്നിവരുടെ എതിർപ്പും ആശങ്കയും മദ്യനികുതി ഇളവ് കൂട്ടായ തീരുമാനമായിരുന്നില്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സൈസ് നയത്തിലെ മാറ്റത്തെക്കുറിച്ച് അറിവില്ലെന്ന നിലപാടാണ് എക്സൈസ് മന്ത്രിയും പങ്കുവെച്ചതെന്നും, ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏകപക്ഷീയമായി മദ്യനയത്തിൽ ഇടപെട്ടുവെന്ന അതൃപ്തി ഭരണപക്ഷത്തിനുള്ളിൽ തന്നെ ഉയരുന്നുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു. ധനബിൽ പാസായ ശേഷം യുഡിഎഫ് ചർച്ച നടത്തുന്നത് പ്രഹസനമാകുമെന്നും അദ്ദേഹം പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് 10 ശതമാനം വരെ ആൽക്കഹോൾ ഉള്ളതിന് 120 ശതമാനവും 10 മുതൽ 20 ശതമാനം വരെ ഉള്ളതിന് 175 ശതമാനവും നികുതി നിശ്ചയിക്കുന്ന ഭേദഗതിയാണ് ധനകാര്യ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ആദ്യമായാണ് വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ഠിത ഐഎംഎഫ്എല്ലിന് നികുതി ഇളവ് നൽകുന്നതെന്നും, ഇതോടെ മുൻ എൽഡിഎഫ് സർക്കാർ സമാന നീക്കം നടത്തിയെന്ന ആരോപണം സ്വയം പൊളിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ വകുപ്പ് മറ്റ് വകുപ്പുകളുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കി ബജറ്റ് രൂപപ്പെടുത്തുന്ന സുതാര്യ നടപടിക്രമത്തിൽ നിന്ന് വ്യത്യസ്തമായി, മുഖ്യമന്ത്രി സ്വന്തം താൽപര്യം മറ്റ് വകുപ്പുകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന രീതിയാണ് കാണുന്നതെന്നും കോൺഗ്രസ് നേതൃത്വം ഇത് ഗൗരവമായി പരിശോധിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിന് മുമ്പ് മുന്നോട്ടുവെച്ച ‘ടീം യുഡിഎഫ്’ സങ്കൽപ്പം പോലും സ്വകാര്യവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്നും, മദ്യക്കമ്പനികളും മറ്റ് കുത്തകകളും പുതിയ സഖ്യകക്ഷികളായി മാറിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. കഴിഞ്ഞ ഒരു മാസത്തിനിടെ മുന്നണിയെയോ മന്ത്രിസഭയെയോ അറിയിക്കാതെ മുഖ്യമന്ത്രി നിരവധി നിർണായക തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like