Home Top Storiesമൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതി കടുപ്പിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ഉത്തരവ്

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതി കടുപ്പിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ഉത്തരവ്

by news_desk3
0 comments

കൊച്ചി: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ ബഹുചർച്ചാവിഷയമായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് ഹൈക്കോടതി. കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്.പി എസ്. ശശിധരനോടാണ് കോടതിയിൽ നേരിട്ട് എത്തുവാൻ നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കടുത്ത കാലതാമസം വരുത്തുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

നിലവിൽ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് പൂർണ്ണമല്ലെന്നും അപൂർണ്ണമായ റിപ്പോർട്ടാണ് കോടതിക്ക് നൽകിയതെന്നും ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മുൻപും കേസ് അന്വേഷണത്തിലെ മന്ദഗതിക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തത്.

2016-ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരെ വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ നിർമ്മിച്ച് പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്.എൻ.ഡി.പി കോടികൾ വായ്പയെടുത്തതിൽ വൻ അഴിമതി നടന്നെന്നാണ് കേസ്. ഗൂഢാലോചനയിലൂടെയും സാമ്പത്തിക തിരിമറിയിലൂടെയും 15 കോടി രൂപ തട്ടിയെടുത്തു എന്നായിരുന്നു വി.എസ്. അച്യുതാനന്ദന്റെ പ്രധാന ആരോപണം.

You may also like