ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. ന്യൂഡൽഹിയിൽ വെച്ച് നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോൺഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും വിശദമായി ചർച്ചയായി.
താൻ നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമായി തുടരുന്ന സാഹചര്യത്തിൽ, പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ കെ.പി.സി.സിക്ക് ഒരു പൂർണ്ണസമയ (ഫുൾടൈം) പ്രസിഡന്റ് വരുന്നതാണ് ഉചിതമെന്ന അഭിപ്രായം രാഹുൽ ഗാന്ധിയെ അറിയിച്ചതായി സണ്ണി ജോസഫ് വ്യക്തമാക്കി. മന്ത്രിസ്ഥാനമില്ലാത്ത വ്യക്തിയായിരിക്കണം പുതിയ അധ്യക്ഷനാകേണ്ടതെന്നും ഈ പദവിയിലേക്ക് നിയമസഭാംഗങ്ങൾക്കും (എം.എൽ.എ) പാർലമെന്റ് അംഗങ്ങൾക്കും (എം.പി) ഒരുപോലെ യോഗ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് അനുയോജ്യനായ വ്യക്തിയെ കണ്ടെത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർണായക ആലോചനകൾ നടത്തുകയാണെന്നും യോഗ്യനായ നേതാവിനെ ഉടൻ തന്നെ തിരഞ്ഞെടുക്കുമെന്നും പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.
