Home Keralaഅഭിരാം കൊലക്കേസ്: തെളിവുകൾ മായ്ക്കാൻ ടീ ഷർട്ട് കത്തിച്ചു

അഭിരാം കൊലക്കേസ്: തെളിവുകൾ മായ്ക്കാൻ ടീ ഷർട്ട് കത്തിച്ചു

by news_desk1
0 comments

തിരുവനന്തപുരം: ശ്രീകാര്യത്ത് അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ തെളിവുകൾ നശിപ്പിക്കാൻ ഒന്നാം പ്രതിയായ പതിനേഴുകാരൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. കൊലപാതകത്തിനുശേഷം ധരിച്ചിരുന്ന ടീ ഷർട്ട് കത്തിച്ചുകളഞ്ഞത് തെളിവ് നശിപ്പിക്കാനായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പതിനേഴുകാരനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

രണ്ടാം പ്രതി ഉമർ മുഫ്താർ (22), മൂന്നാം പ്രതി ആനന്ദ (18) എന്നിവരെ ഇന്നലെ ചോദ്യംചെയ്തു. അഭിരാമിനെ ആക്രമിക്കാൻ പതിനേഴുകാരനും ഉമറും പദ്ധതിയിട്ടിരുന്ന കാര്യം അറിയാമായിരുന്നുവെന്നും എന്നാൽ കൊലപാതകവിവരം പിന്നീടാണ് അറിഞ്ഞതെന്നും ആനന്ദ പൊലീസിന് മൊഴി നൽകി. അതേസമയം, ഉമർ തുടർച്ചയായി മൊഴിമാറ്റുന്നത് അന്വേഷണത്തെ സങ്കീർണമാക്കുകയാണ്. കാമുകിക്ക് ഉമർ അയച്ച സന്ദേശങ്ങൾ മൊബൈൽ ഫോണിൽനിന്ന് പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ബെൽറ്റ്, അഭിരാമിന്റെ മൊബൈൽ ഫോൺ, മാല, ഷർട്ട്, ഒന്നാം പ്രതിയുടെ മൊബൈൽ ഫോൺ എന്നിവ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവ ഉമറിന്റെ വീട്ടിലുണ്ടെന്ന സംശയത്തിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഭിരാമിന്റെയും ഒന്നാം പ്രതിയുടെയും ഫോണുകൾ തോട്ടിലും നീർച്ചാലിലും ഉപേക്ഷിച്ചെന്നായിരുന്നു ഉമറിന്റെ ആദ്യമൊഴി. പിന്നീട് കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞെന്ന് മൊഴിമാറ്റി. രണ്ടിടങ്ങളിലും പരിശോധന നടത്തിയെങ്കിലും ഫോണുകൾ കണ്ടെത്താനായില്ല. ഉമറിന് മറ്റൊരു മൊബൈൽ ഫോൺ കൂടിയുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ചോദ്യംചെയ്യലിനുശേഷം ഉമറിനെയും ആനന്ദയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഉമറിനെയും നാലാം പ്രതി ഐശ്വര്യയെയും (20) വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

You may also like