Home Nirakkoottuകമ്മ്യൂണിസ്റ്റ്‌ മാനവികതയുടെ കതിരേന്തിയ ജനപ്രതിനിധി.

കമ്മ്യൂണിസ്റ്റ്‌ മാനവികതയുടെ കതിരേന്തിയ ജനപ്രതിനിധി.

by news_desk
0 comments

ജയരാജ്‌ പുതുമഠം

സ്വതന്ത്ര ഭാരതത്തിൽ അധികാരസ്ഥാനം അലങ്കരിക്കുന്നവർ തങ്ങളിൽ നിക്ഷിപ്തമായ ചുമതലകൾ നിസ്വാർത്ഥതയോടെയും, നിഷ്പക്ഷതയോടെയും
ഭാരത ജനതയുടെ
വ്യക്തിവികാസത്തിനും, സമൂഹവികസനത്തിനും വേണ്ടി ഉൾക്കാഴ്ചയോടെ നിർവഹിക്കേണ്ടതിന്റെ ഉത്തമമായ വഴികളെക്കുറിച്ച് ഭരണഘടനാപരമായ നിർദ്ദേശങ്ങൾ നിലവിലുണ്ട്.
സ്വാതന്ത്ര്യം ലഭിച്ച് കൊല്ലം 79 കഴിഞ്ഞിട്ടും ഈ നിർദ്ദേശങ്ങളുടെ പരിസരത്തുപോലും എത്തിനോക്കാതെ സ്വന്തം താൽപ്പര്യങ്ങളിൽ മാത്രം അഭിരമിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ജനപ്രതിനിധികളുടെ ബാഹുല്യത്താൽ വരണ്ടുനിൽക്കുകയാണ് ഇനിയും സമൂഹഘടകങ്ങൾ.
ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് അതിൽനിന്നെല്ലാം വിഭിന്നമായ കർമ്മപദ്ധതികളുമായി കഴിഞ്ഞ 5 വർഷങ്ങളായി ഒരു എം. എൽ. എ.
തൃശ്ശൂർ മണ്ഡലത്തിന്റെ സിരകളിലൂടെ ക്ഷേമപ്രവർത്തനങ്ങളുടെ പതാകയേന്തി ജനങ്ങൾക്കിടയിൽ പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്നത്.

ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ എപ്രകാരമാണ് ജനവികാരങ്ങളെ ജനസഭകളിൽ അവതരിപ്പിക്കേണ്ടത് എന്നതിന്റെ പ്രത്യക്ഷമാതൃകയായിരുന്നു തൃശ്ശൂരിന്റെ പ്രതിനിധിയായ സഖാവ് പി.ബാലചന്ദ്രന്റെ കർമ്മ സാന്നിധ്യങ്ങൾ.
താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ സമൂലമായ വികാസത്തിൽ മുഴുവൻ സമയവും ജാഗ്രതപുലർത്തി അഞ്ച് വർഷം മുൻപ് തനിക്കുവണ്ടി വിരൽത്തുമ്പിൽ മഷിക്കറ ഏറ്റുവാങ്ങിയവരോട് നീതിപുലർത്തിയ ജനകീയനായ പൊതുപ്രവർത്തകൻ എന്ന നിലയ്ക്ക് ശ്രീ. ബാലചന്ദ്രന്
അഭിമാനനിറവോടെ തുടർന്നും സാമൂഹ്യക്ഷേമപ്രവർത്തനങ്ങൾക്ക് നവീനപഥങ്ങൾ തുറക്കാവുന്നതാണ്.

രാഷ്ട്രീയചിന്തകനും വിശാലമായ മാനവിക വീക്ഷണങ്ങളുടെ അമരക്കാരനുമായിരുന്ന മുൻ മുഖ്യമന്ത്രി
സഖാവ് സി.അച്യുതമേനോന് ശേഷം തൃശ്ശൂരിലെ സിപിഐ പുരയിൽ കണ്ട സമാനതകളില്ലാത്ത
വ്യക്തിപ്രഭാവത്തിന്റെ പര്യായപദമായിരുന്നു
ശ്രീ. ബാലചന്ദ്രൻ. സഹവർത്തിത്വത്തിലെ എളിമയും,സഹാനുഭൂതിയിലെ ഔന്നിത്യവും സഹജീവികളോടുള്ള തെളിഞ്ഞ ധാർമികതയും ഒന്നിച്ചുചേർന്ന വ്യക്തിപ്രഭാവം വിതറിയ സഹൃദയനായിരുന്നു ഇക്കാലമത്രയും സുഹൃത്തുക്കളുടെ ‘ബാൽസി’.

ഭൗതിക ജീവിതത്തിന്റെ സുഖശീതളിമയിൽ ആസക്തി വർധിച്ചിട്ടുള്ള ഒരു കൂട്ടർ അച്ചടക്കമുള്ള പാർട്ടികളിൽ നുരഞ്ഞുകയറി
അല്പം വായനയും
സംഘടനാപാടവവും കർമ്മകുശലതയും പ്രകടമാക്കുന്ന നേതൃനിരയെ തന്ത്രപൂർവം വിധേയരാക്കി
ശത്രുപക്ഷത്തിന്റെ വിഷലായനി പ്രത്യക്ഷത്തിലും പരോക്ഷത്തിലും അല്പാൽപ്പം കുത്തിവെക്കുകയും പാർട്ടികൾക്കുള്ളിൽ ഭിന്നസ്വരങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുന്നത് സാധാരണ സംഭവങ്ങളായി കണ്ടുവരുന്നുണ്ട്.
പിന്നീടുള്ള ഇതിന്റെ വളർച്ച കോവിഡ് വൈറസിനെപ്പോലും തോൽപ്പിക്കുന്ന തരത്തിലായിരിക്കും. അങ്ങിനെ വളർന്നും പിളർന്നും ഇഴഞ്ഞും തളർന്നും നീങ്ങിയതിന്റെ അനന്തരഫലങ്ങളാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളിലെ അപസ്വരങ്ങളുടെ മുഖ്യഹേതു. ഘട്ടം ഘട്ടമായുള്ള അതിന്റെ പ്രയാണത്തിന്റെ പരിണിതഫലമായി ഏറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും നാലഞ്ച് ഗ്രൂപ്പുകളെ സൃഷ്ടിച്ചെടുക്കാൻ ഏത്
ചെറുപാർട്ടിക്കും കഴിഞ്ഞിട്ടുണ്ട്. “അണ്ണാറക്കണ്ണനും തന്നാലായത്” എന്നാണല്ലോ.

ഇത്തരം വിഭാഗീയമായ വടംവലികളുടെ വിയർപ്പ്നാറ്റം വമിക്കുന്ന അന്തരീക്ഷത്തിൽ ഇരുന്നുകൊണ്ടുതന്നെയാണ് ശാന്തനായി ശ്രീ. ബാലചന്ദ്രൻ “ഇനി ഞാൻ മത്സരിക്കുന്നില്ല” എന്ന തന്റെ ധാർമിക നിലപാടിന്റെ പ്രഖ്യാപനം ഉറക്കെ നടത്തിയിരിക്കുന്നത്. രണ്ടുതവണ സ്ഥാനാർഥികൂപ്പൺ ലഭിച്ച ഒരാളെന്ന നിലയിൽ പാർട്ടിയുടെ മുൻ തീരുമാനങ്ങളോട് കൂറ് പുലർത്തുകയായിരുന്നില്ലേ ഇദ്ദേഹം.
സ്ഥാനാർഥി പട്ടികയിൽ നിന്ന് ബാലചന്ദ്രൻ പുറത്ത് എന്ന രീതിയിലാണ് മാധ്യമഘോഷങ്ങൾ ഏറെയും.
അധികാരഭ്രമങ്ങളിൽ ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ
അപശബ്ദങ്ങളുടെ അലകളാണ് പത്രധർമ്മം എന്തെന്ന് നിശ്ചയമില്ലാത്ത അവിവേകികൾ പടച്ചുവിടുന്നത്.
പിടിവിടാതെ വീണ്ടും വീണ്ടും അള്ളിപ്പിടിച്ചു നീങ്ങാൻ ശ്രമിക്കുന്നവരെ ചുറ്റുപാടും നമ്മൾകാണുന്നുണ്ടല്ലോ.

തെരഞ്ഞെടുപ്പ് ആസന്നമാകുന്ന വേളകളിൽ സാമാന്യ നീതിബോധങ്ങളിൽ നിഴലിക്കാത്ത
പലപല രാഷ്ട്രീയ ‘ട്രിപ്പീസു’കളും, അതിന്റെ വിചിത്രമായ താളവിന്യാസങ്ങളും നമ്മെ
അലോസരപ്പെടുത്തുക പതിവാണ്. കുറച്ചുകാലങ്ങളായി കമ്മ്യൂണിസ്റ്റ്‌ സഹോദരൻമാരുടെ അതിജീവന മാനിഫെസ്റ്റോയുടെ അദ്ധ്യായങ്ങൾക്കും ഈ പിടിച്ചുപറിയുടെ സഭ്യേതര കഥകൾ ഉദ്ഘോഷിക്കേണ്ട ഗതികേടുകൾ സാംസ്‌കാരിക കേരളത്തിൽ വന്നുഭവിച്ചിട്ടുണ്ട്.
ഇതിന്റെ അനന്തരഫലങ്ങളാണ് കേരളത്തിൽ ജനാധിപത്യം നേരിടുന്ന ഇന്നത്തെ അപചയങ്ങളുടെ മുഖ്യ ഹേതു.

157.5 കോടിയുടെ മണ്ഡലവികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് ബഡ്‌ജറ്റിൽ ഇത്തവണ എം. എൽ. എ. യുടെ ശക്തമായ ഇടപെടൽ നാം കണ്ടത്. വീണ്ടും വീണ്ടും അള്ളിപ്പിടിച്ചു നീങ്ങുന്നവരെ കണ്ടുമടുത്തവരാണല്ലോ നമ്മൾ.
ഓരോ രാഷ്ട്രീയ പ്രവർത്തകനും അവരവരുടേതായ പ്രവർത്തനശൈലീകൃതരാണ്. ചിലർ ചടുലമായ കരുനീക്കങ്ങളിലൂടെ
ജനമനസ്സുകളിൽ
ജ്വലിച്ചു നിൽക്കുന്നവരെങ്കിൽ മറ്റുചിലർ ഉജ്ജ്വലമായ നിശബ്ദതയിൽ ജനസേവനത്തിന്റെ
ആന്തരികതലങ്ങളിൽ കർമ്മനിരതരായിരിക്കും.
അത്തരത്തിലുള്ള ശ്രേഷ്ഠകർമ്മങ്ങളുടെ വക്താവാണ് പി. ബാലചന്ദ്രൻ.

You may also like