ആലപ്പുഴ. ചായക്കടയ്ക്ക് മുന്നിലുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ (20), മൂന്നാം പ്രതിയായ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ (21), അഞ്ചാം പ്രതിയായ അജ്മൽ (20) എന്നിവരെയാണ് കായംകുളം പൊലീസ് പിടികൂടിയത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. മാർച്ച് ആറിന് പുലർച്ചെ കായംകുളം ഒ എൻ കെ ജംഗ്ഷന് തെക്കുവശമുള്ള ചായക്കടയുടെ മുൻവശത്ത് വെച്ചാണ് കേസിനാസ്പദമായ തർക്കമുണ്ടായത്. ഇതിന് പിന്നാലെ പ്രതികൾ കൂട്ടമായി യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി ഇവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു.
കല്ലേലിഭാഗം സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയുമാണ് ഇരുമ്പുവടി, കത്തി, ഇടിക്കട്ട, ഇടിവള, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് തലയ്ക്ക് മാരകമായി പരിക്കേല്പിച്ചത്. പിടിയിലായ ആദിൽ അഫ്സറിന് വള്ളികുന്നം, കരുനാഗപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിൽ മറ്റ് അടിപിടി കേസുകളുമുണ്ട്. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ ഹരി, സിപിഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

