തിരുവനന്തപുരം: തലസ്ഥാനത്ത് എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ നടന്ന പൊലീസ് ലാത്തിച്ചാർജ് നിയമസഭയിലും സംഘർഷത്തിന് വഴിവെച്ചു. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായി സഭയിലെത്തിയ വി. ജോയ് പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചപ്പോൾ, ബിയർ കുപ്പി എറിഞ്ഞതടക്കമുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതിരോധിച്ചു. തമിഴ്‌നാട്ടിൽനിന്ന് പൊലീസിനെ ഇറക്കിയിട്ടില്ലെന്ന ചെന്നിത്തലയുടെ പരാമർശവും സഭയിൽ വാക്പോരിന് വഴിവെച്ചു. അടിയന്തര പ്രമേയാവതരണം തള്ളിയതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
തലസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയെന്നു പറയുന്ന അതിക്രമങ്ങളും പൊലീസ് നടപടിയുമാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. ഒടിഞ്ഞ ലാത്തി ഉയർത്തിക്കാട്ടിയ വി. ജോയ്, പൊലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താൻ ആഭ്യന്തരമന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റിനെപ്പോലും മർദിച്ചൊതുക്കിയെന്നും അദ്ദേഹം ആരോപിച്ചു.
മർദനത്തിന്റെ ചിത്രങ്ങളും പ്രതിപക്ഷം സഭയിൽ ഉയർത്തിക്കാട്ടി. മാധ്യമപ്രവർത്തകർക്കും പരിക്കേറ്റെന്നും ആംബുലൻസിനെപ്പോലും തടഞ്ഞെന്നും വി. ജോയ് ആരോപിച്ചു. കന്റോൺമെന്റ് എസ്.ഐ. ഗോകുലിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. 36 സെക്കൻഡിനുള്ളിൽ 24 തവണ വിദ്യാർഥികളുടെ തലയിൽ അടിച്ചെന്ന ഗുരുതര ആരോപണവും ജോയ് സഭയിൽ ഉന്നയിച്ചു. പൊലീസ് സേനയിൽ ക്രിമിനലുകളാണുള്ളതെന്ന പരാമർശത്തിനു പിന്നാലെ സഭയിൽ ബഹളം രൂക്ഷമായി.
ഇതിന് മറുപടിയായി, സർവകലാശാലാ ഹോസ്റ്റലിൽനിന്ന് ബിയർ കുപ്പികൾ എറിഞ്ഞതടക്കമുള്ള സംഭവങ്ങൾ ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ പിന്തുണയ്ക്കേണ്ടവർ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ കുപ്പികൾ എറിഞ്ഞത് എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു. കല്ലും മറ്റ് വസ്തുക്കളും പരസ്പരം എറിഞ്ഞതിനെത്തുടർന്നാണ് സംഘർഷമുണ്ടായതെന്നും പൊലീസുകാർക്കും പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷം എൽഡിഎഫ് ഭരിച്ച കാലത്തുണ്ടായിരുന്ന പൊലീസ് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും തമിഴ്‌നാട്ടിൽനിന്ന് പൊലീസുകാരെ ഇറക്കിയിട്ടില്ലെന്നും ചെന്നിത്തല തിരിച്ചടിച്ചു. അധികാരത്തിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പ്രതിഷേധം തുടങ്ങിയെന്നും സർക്കാരിന് ഹണിമൂൺ കാലം പോലും ലഭിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, പൊലീസിനെ അച്ചടക്കമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പരാതികൾ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കറന്റ് പോയപ്പോഴാണ് വിദ്യാർഥികൾ കൂവിയതെന്നായിരുന്നു വി. ജോയിയുടെ പരിഹാസം. പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ആവർത്തിച്ചതോടെ സഭയിൽ വീണ്ടും ബഹളമുണ്ടായി. അടിയന്തര പ്രമേയം അവതരിപ്പിച്ച വി. ജോയ് പൊലീസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളാണെന്ന വിമർശനവും ആഭ്യന്തരമന്ത്രി ഉന്നയിച്ചു.
ചെന്നിത്തലയുടെ മറുപടിയിൽ കുറ്റബോധം പ്രകടമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. പൊലീസ് നടപടിയെക്കുറിച്ചുള്ള ആരോപണങ്ങളും സർക്കാരിന്റെ വിശദീകരണവും സഭയിൽ ഏറ്റുമുട്ടിയതോടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.
