Home Keralaവയോജനങ്ങളെ ഉപദ്രവിച്ചാൽ മൂന്ന് വർഷം വരെ തടവ്; സ്വത്ത് തട്ടിയെടുത്താലും നടപടി, കർശന നിയമവുമായി കേരളം

വയോജനങ്ങളെ ഉപദ്രവിച്ചാൽ മൂന്ന് വർഷം വരെ തടവ്; സ്വത്ത് തട്ടിയെടുത്താലും നടപടി, കർശന നിയമവുമായി കേരളം

by news_desk1
0 comments

തിരുവനന്തപുരം: മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും ഉപദ്രവിക്കുന്നവർക്ക് ഇനി കടുത്ത ശിക്ഷ ലഭിച്ചേക്കും. ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, പരിചരിക്കാതെ ഉപേക്ഷിക്കുക, വീട്ടിൽനിന്ന് ഇറക്കിവിടുക തുടങ്ങിയവയ്ക്ക് മൂന്ന് വർഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിയുമായി കേരള സർക്കാർ. മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള ഭേദഗതി ബിൽ നിയമസഭയുടെ നിലവിലെ സമ്മേളനത്തിൽ അവതരിപ്പിക്കും.

വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ ശക്തമായ വ്യവസ്ഥകളാണ് മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും (ഭേദഗതി) ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കളുടെയോ മുതിർന്ന പൗരന്മാരുടെയോ സ്വത്ത് വ്യാജരേഖകൾ ഉപയോഗിച്ചോ ഭീഷണിപ്പെടുത്തിയോ കൈക്കലാക്കാൻ ശ്രമിക്കുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുന്ന തരത്തിലാണ് നിർദേശങ്ങൾ.

സ്വത്ത് കൈമാറിയശേഷം വയോജനങ്ങൾക്ക് ആവശ്യമായ പരിചരണം നിഷേധിക്കുന്ന സാഹചര്യത്തിൽ ആ സ്വത്ത് കൈമാറ്റം റദ്ദാക്കാൻ ബന്ധപ്പെട്ട ട്രൈബ്യൂണലിനെ സമീപിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. മക്കളോ നിയമപരമായ അവകാശികളോ മാതാപിതാക്കൾക്ക് നൽകേണ്ട പ്രതിമാസ സംരക്ഷണത്തുക മുടക്കിയാലും നിയമനടപടി സ്വീകരിക്കാനാകും.

വയോജനങ്ങളുടെ പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സബ് ഇൻസ്‌പെക്ടർ റാങ്കിലുള്ള നോഡൽ ഓഫീസറെ നിയമിക്കാനും നിർദേശമുണ്ട്. വയോജന സംരക്ഷണ ട്രൈബ്യൂണലുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും പരാതികൾ നിശ്ചിത സമയത്തിനുള്ളിൽ തീർപ്പാക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യും.

മുതിർന്ന പൗരന്മാർക്ക് അന്തസ്സോടെയും ഭയരഹിതമായും ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയാണ് ഭേദഗതി ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിയമസഭയിൽ ബിൽ അവതരിപ്പിച്ച് അംഗീകാരം ലഭിക്കുന്നതോടെ നിർദേശങ്ങൾ നിയമപരമായ പ്രാബല്യത്തിലേക്ക് കടക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുപോകും.

You may also like