വോട്ടവകാശവും പ്രതിഷേധസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം
ഭരണഘടനാ മൂല്യങ്ങളിൽ പടുത്തുയർത്തിയ ഇന്ത്യയിൽ ജനാധിപത്യം സംരക്ഷിക്കാൻ ജനങ്ങൾക്ക് തെരുവിലിറങ്ങേണ്ടിവരുന്നത് ഗുരുതരമായ മുന്നറിയിപ്പാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഡൽഹിയിലെ പ്രതിഷേധങ്ങളെ നേരിടാൻ മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും പൊതുഗതാഗതം തടസ്സപ്പെടുത്തുകയും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത നടപടികൾ അധികാരപ്രയോഗത്തിന്റെ അതിരുകളെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നു. ക്രമസമാധാനത്തിന്റെ പേരിൽ പൗരാവകാശങ്ങൾ ബലികഴിക്കാനാവില്ല.
പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിൽ അമിതമായ നടപടികൾ പാടില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഭരണകൂടത്തിനുള്ള മുന്നറിയിപ്പാണ്. എന്നാൽ തെരുവിലെ പ്രതിഷേധത്തേക്കാൾ ഗൗരവമുള്ളതാണ് വോട്ടവകാശത്തെക്കുറിച്ചുള്ള ആശങ്ക. എസ്.ഐ.ആർ നടപടികളിൽ അർഹരായ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടെന്ന ആരോപണവും പശ്ചിമ ബംഗാളിൽ അപ്പീൽ ട്രൈബ്യൂണലുകൾ പരിശോധിച്ച കേസുകളിൽ 93 ശതമാനത്തിലും പേരുകൾ പുനഃസ്ഥാപിച്ചെന്ന കണക്കും ഗൗരവമായി പരിശോധിക്കപ്പെടണം. ഓരോ അർഹനായ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന ബാധ്യതയാണ്. സുപ്രീംകോടതിയെ സമീപിച്ചിട്ടും പ്രതീക്ഷ നഷ്ടപ്പെടുന്നതായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തുറന്നുപറഞ്ഞത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കയാണ് വെളിപ്പെടുത്തുന്നത്. അതത്ര നിസാരമല്ല. നിരാശ്രയരായ ജനതയുടെ അവസാനത്തെ ആശ്രയവും അത്താണിയുമാണ് നീതിപീഠങ്ങൾ. അതിൽ സംശയത്തിന്റെ നേരിയ പോറലേൽക്കുന്നത് പോലും അത്യന്തം അപകടകരമാണ്. പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന തോന്നൽ ജനങ്ങളിൽ വളരുമ്പോൾ അതിന് മറുപടി നൽകേണ്ടത് ഭരണകൂടവും നീതിപീഠവുമാണ്. മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കുന്നതുകൊണ്ടോ ബാരിക്കേഡുകൾ നീക്കുന്നതുകൊണ്ടോ മാത്രം ജനാധിപത്യത്തിന്റെ മുറിവുകൾ ഉണങ്ങില്ല. വോട്ടർപട്ടികയിലെ പിഴവുകളെക്കുറിച്ചുള്ള പരാതികൾ സമയബന്ധിതമായി തീർപ്പാക്കണം. നിയമപാലകർ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. കോടതികളുടെ നിർദേശങ്ങൾ ആത്മാർഥമായി നടപ്പാക്കണം. അധികാരകേന്ദ്രങ്ങൾക്കു നേരെ ചോദ്യങ്ങളുയർത്തുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം അവസാനിക്കണം. ഇന്ത്യയുടെ ജനാധിപത്യം ഒരു ഭരണകൂടത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ ഔദാര്യമല്ല; ജനങ്ങൾ നേടിയെടുത്ത ഭരണഘടനാപരമായ അവകാശമാണ്. ആ അവകാശങ്ങളെ സംരക്ഷിക്കുക എന്നത് സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പോലീസിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ഒരുപോലെ ബാധ്യതയാണ്. ജനങ്ങളുടെ ശബ്ദം തെരുവിൽ ഉയരുമ്പോൾ അതിനെ അടിച്ചമർത്തുകയല്ല, അതിന്റെ കാരണങ്ങൾ കേൾക്കുകയാണ് വേണ്ടത്. വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് മായുമ്പോൾ അത് കണക്കിലെ ഒരു പിഴവായി കാണുകയല്ല, ജനാധിപത്യത്തിന്റെ അടിത്തറയിലേറ്റ മുറിവായി കാണുകയാണ് വേണ്ടത്. തെരുവിലെ ശബ്ദത്തിനും ബാലറ്റിലെ വോട്ടിനും കോടതിയിലെ നീതിക്കും ഒരുപോലെ വിലയുണ്ടാകുമ്പോഴേ ഭരണഘടനയുടെ ആത്മാവ് നിലനിൽക്കൂ.
