ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയത്തിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. കൊച്ചി മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മിൽ അഭിപ്രായ ഭിന്നത ശക്തമായി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ മത്സരിപ്പിക്കണമെന്നാണ് വി.ഡി. സതീശന്റെ നിലപാട്. എന്നാൽ ദീപ്തി മേരി വർഗീസിനെ പരിഗണിക്കണമെന്നാണ് കെ.സി. വേണുഗോപാലിന്റെ ആവശ്യം. ചർച്ചകൾ കടുത്തതോടെ നടന്ന യോഗത്തിനിടെ വി.ഡി. സതീശൻ ഇറങ്ങിപ്പോയെങ്കിലും പിന്നീട് വീണ്ടും ചർച്ചയിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിൻ, പെരുമ്പാവൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണ്ണയത്തിലും തർക്കം തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ നിരവധി മണ്ഡലങ്ങളിൽ ഏകോപനം സാധിക്കാത്തതാണ് ബാക്കിയുള്ള 37 സീറ്റുകളുടെ പട്ടിക പ്രഖ്യാപനം വൈകാൻ കാരണമായത്.
സുധാകരന്റെ നിലപാട് കടുപ്പത്തിൽ
ഇതിനിടെ കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആവർത്തിച്ചു. എംപിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ഹൈക്കമാൻഡ് നിലപാടിനെ വെല്ലുവിളിച്ചാണ് അദ്ദേഹത്തിന്റെ നീക്കം. സ്ഥാനാർഥിത്വം ലഭിക്കാത്ത പക്ഷം കടുത്ത തീരുമാനം സ്വീകരിക്കാമെന്ന സൂചനയും ഉയർന്നിട്ടുണ്ട്. പാർട്ടി പരിഗണിക്കാതിരുന്നാൽ പ്രവർത്തകസമിതി അംഗത്വവും എംപി സ്ഥാനവും രാജിവെച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. നിലപാട് വ്യക്തമാക്കാൻ അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.
സ്ഥാനാർഥി പട്ടികയ്ക്കെതിരെ പ്രതിഷേധം
കഴിഞ്ഞ ദിവസം 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പട്ടികയ്ക്കെതിരെ വിവിധ ജില്ലകളിൽ പ്രതിഷേധം ഉയർന്നു. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ മണ്ഡലങ്ങളിൽ സിപിഐഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക നേതൃത്വവും യൂത്ത് കോൺഗ്രസും അസന്തോഷം പ്രകടിപ്പിച്ചു. ചിറയൻകീഴിൽ രമ്യാ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതും പാർട്ടിക്കുള്ളിൽ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

