തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുമെന്നും അതാണ് തന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടെന്നും വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്തെത്തി. “വന്ദേമാതരം ഞാൻ പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം” എന്ന് ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, വന്ദേമാതരം മുഴുവനായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന് ലോക്ഭവൻ (രാജ്ഭവൻ) വ്യക്തമാക്കിയതോടെ വിവാദം പുതിയ തലത്തിലേക്ക് കടന്നു. ഓഗസ്റ്റ് 4-ന് സർക്കാർ പുറത്തിറക്കിയ സ്വാതന്ത്ര്യദിന സർക്കുലറിന് പിന്നാലെ, കേന്ദ്ര നിർദ്ദേശം പൂർണ്ണമായി പാലിക്കണമെന്ന് കാട്ടി ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് അയച്ച കത്ത് ഗവർണറുടെ നിർദേശപ്രകാരമാണെന്നായിരുന്നു മന്ത്രിമാർ മുൻപ് വാദിച്ചിരുന്നത്. എന്നാൽ അങ്ങനെയൊരു നിർദേശം ഗവർണർ നൽകിയിട്ടില്ലെന്ന് ലോക്ഭവൻ വ്യക്തമാക്കിയതോടെ യു.ഡി.എഫ് സർക്കാർ വീണ്ടും സമ്മർദ്ദത്തിലായി.
വന്ദേമാതരം പൂർണ്ണമായി ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ചീഫ് സെക്രട്ടറിയുടെ വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടി, യു.ഡി.എഫ് സർക്കാർ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും അജണ്ടകൾക്ക് പൂർണ്ണമായും കീഴ്പ്പെട്ടതായി സി.പി.എം ശക്തമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
