Home Top Storiesമുഖ്യമന്ത്രിയുടെ വിമാനയാത്ര: ‘ഖജനാവിലെ ഒരു പൈസയും ചെലവായിട്ടില്ല, ഇനിയും സ്വകാര്യ വിമാനത്തിൽ സഞ്ചരിക്കും’; വി. ഡി. സതീശൻ

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ‘ഖജനാവിലെ ഒരു പൈസയും ചെലവായിട്ടില്ല, ഇനിയും സ്വകാര്യ വിമാനത്തിൽ സഞ്ചരിക്കും’; വി. ഡി. സതീശൻ

by news_desk
0 comments

തിരുവനന്തപുരം: മലപ്പുറത്തെ ദുരന്തസ്ഥലത്തേക്കുള്ള തന്റെ വിമാന-ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉറച്ച നിലപാട വ്യക്തമാക്കി മുഖ്യമന്ത്രി വി. ഡി. സതീശൻ. യാത്രയ്ക്കായി സർക്കാരിന്റെ ഒരു രൂപ പോലും ഖജനാവിൽ നിന്ന് ചെലവാക്കിയിട്ടില്ലെന്നും മലയാളിയായ ഒരു പരിചയക്കാരനാണ് വിമാനം അറേഞ്ച് ചെയ്തു തന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യാത്രയിൽ യാതൊരു തെറ്റുമില്ലെന്നും ആവശ്യമായി വന്നാൽ ഇനിയും ഇത്തരത്തിൽ സഞ്ചരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

സെപ്റ്റംബർ 21-ന് ശിവഗിരിയിൽ നിൽക്കുമ്പോഴാണ് മലപ്പുറത്ത് ആറുപേർ മരിച്ച അപകടവാർത്ത അറിയുന്നത്. അവിടെ സമയത്തെത്താൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാലാണ് സുഹൃത്ത് അറേഞ്ച് ചെയ്ത സ്വകാര്യ വിമാനത്തിൽ പോയത്. ദുരന്തസ്ഥലത്ത് എത്താതിരുന്നെങ്കിൽ ‘ആറുപേർ മരിച്ചിട്ടും മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല’ എന്ന് വാർത്ത വരുമായിരുന്നു. സഹായം ചെയ്ത ആളുടെ പേര് വെളിപ്പെടുത്തി അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല. വിമാനം തന്നതിന്റെ പേരിൽ അവർ നാളെ സർക്കാരിൽ നിന്ന് ഔദാര്യം കൈപ്പറ്റാൻ വരുന്നവരല്ലെന്നും അത്തരം ഔദാര്യം ചെയ്തു കൊടുക്കുന്ന സർക്കാരല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ഉൾപ്പെടെയുള്ളവരും ഇന്ത്യയിലെ മുഴുവൻ മുഖ്യമന്ത്രിമാരും മുൻപും ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾ നൽകിയ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് വി. ഡി. സതീശൻ ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ കാലത്ത് 80 ലക്ഷം രൂപ കൊടുത്ത് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ എഗ്രിമെന്റ് സെപ്റ്റംബർ 19-നാണ് തീർന്നത്. അതിൽ 25 മണിക്കൂർ യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നെങ്കിലും മൂന്നോ നാലോ മണിക്കൂർ മാത്രമാണ് താൻ ഉപയോഗിച്ചത്. സംസ്ഥാനത്തെ മോശം ധനസ്ഥിതി കണക്കിലെടുത്ത് 2017 മുതൽ വാങ്ങി ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ഇപ്പോഴും മന്ത്രിമാർ സഞ്ചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like