തിരുവനന്തപുരം: ഭരണാനുകൂല സംഘടനകളുടെയും യു.ഡി.എഫ് സർക്കാരിന്റെയും തൊഴിലാളി വിരുദ്ധ നയങ്ങൾ കാരണം സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻ തന്നെ അപകടത്തിലാകുന്ന ഭീതിജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയ സംഭവം വൻ ഞെട്ടലുളവാക്കുന്നതാണെന്നും ഭരണമാറ്റത്തിന് പിന്നാലെ നടപ്പിലാക്കിയ നിർബന്ധിത സെക്ഷൻ മാറ്റം മൂലം ഉണ്ടായ മാനസിക സമ്മർദ്ദമാണ് ആ യുവതിയെ ആത്മഹത്യയിലേക്ക് തള്ളിയിട്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സീനിയർ പീഡിയാട്രീഷ്യൻ ഡോ. കെ. വി. രാധാമണിയെ രോഗികളുടെ മുന്നിൽ വെച്ച് എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് അവർക്ക് ഹൃദയാഘാതമുണ്ടായ സംഭവം ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തയ്യാറാക്കിയ ചട്ടവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവിൽ ഒപ്പിടാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു അതിക്രമം. ഭരണത്തണലിൽ അഴിഞ്ഞാടുന്ന ഇത്തരം ഗുണ്ടാസംഘങ്ങളെ നിലയ്ക്കുനിർത്താൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
മാനദണ്ഡങ്ങളില്ലാതെ നടത്തുന്ന രാഷ്ട്രീയപ്രേരിതമായ കൂട്ടസ്ഥലംമാറ്റങ്ങൾ സിവിൽ സർവീസിനെ സ്തംഭിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴങ്ങാത്ത ജീവനക്കാരെയും ശബ്ദമുയർത്തുന്ന സംഘടനകളെയും മുഖ്യമന്ത്രി അടക്കമുള്ളവർ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. എൽ.ഡി.എഫ് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം അസംബന്ധമാണ്. സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിച്ച് വേതനം വർദ്ധിപ്പിക്കാൻ എൽ.ഡി.എഫ് മുൻകൈയെടുത്തു. എന്നാൽ ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ മതിയെന്ന് നിലപാടെടുത്ത് യു.ഡി.എഫ് സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡി.എ കുടിശ്ശിക, ഏൺഡ് ലീവ് സറണ്ടർ, അഷ്വേർഡ് പെൻഷൻ എന്നിവ തടഞ്ഞുവെക്കുന്ന സർക്കാർ, ഡിജിറ്റൽ സർവേക്കായി പ്രവർത്തിച്ച 2,800 താൽക്കാലിക ജീവനക്കാരെയും കുടുംബശ്രീ, കെ.എസ്.ആർ.ടി.സി, പി.എസ്.സി വഴി നിയമനം ലഭിച്ച അധ്യാപകരെയും പിരിച്ചുവിട്ട് പെരുവഴിയിലാക്കുകയാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി. യു.ഡി.എഫ് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
