തിരുവനന്തപുരം: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ സമവായം രൂപപ്പെടുന്നു. കെ സുധാകരന് കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ അനുമതി നൽകുന്നതിലേക്കാണ് പാർട്ടി നേതൃത്വം നീങ്ങുന്നത്. അടൂർ പ്രകാശിനും മത്സരിക്കാൻ ഇളവ് നൽകുന്നത് പരിഗണനയിലാണെന്ന വിവരവും പുറത്തുവരുന്നു.
ഹൈക്കമാൻഡിന്റെ അഭ്യർത്ഥന മാനിച്ച് തൽക്കാലം വാർത്താസമ്മേളനം നടത്താതിരിക്കാൻ കെ സുധാകരൻ സമ്മതിച്ചതായാണ് സൂചന. ഇതിനിടെ കെ സുധാകരനും അടൂർ പ്രകാശും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. കേരള ഹൗസിൽ നിന്ന് ബാധ്യത രഹിത സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് അപേക്ഷ നൽകിയതായും വിവരം ലഭിച്ചു.
എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആദ്യ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂർ, കോന്നി മണ്ഡലങ്ങൾ ഒഴിച്ചിട്ടിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ഭിന്നതകൾ രൂക്ഷമായതോടെ തെരഞ്ഞെടുപ്പ് സമിതി യോഗം വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു.
കണ്ണൂർ, കോന്നി മണ്ഡലങ്ങൾ ഉൾപ്പെടുത്തി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തുവന്നേക്കുമെന്നാണ് സൂചന. ശേഷിക്കുന്ന നാല്പത് മണ്ഡലങ്ങളിലെയും സ്ഥാനാർഥി പ്രഖ്യാപനം ഉടൻ പൂർത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് അറിയിച്ചു. എംപിമാർ മത്സരിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് അറിയിക്കുമെന്നും സ്ഥാനാർഥി പ്രഖ്യാപനം തടസ്സമില്ലാതെ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

