ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയതന്ത്ര നിലപാടിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളായ മനീഷ് തിവാരിയും ശശി തരൂരും. പശ്ചിമേഷ്യൻ മേഖലയിൽ ഇന്ത്യ എന്നും പുലർത്തിയിരുന്ന സംയമനത്തോടെയുള്ള നിലപാട് ഇപ്പോഴും തുടരുന്നത് ഉചിതമാണെന്ന് മനീഷ് തിവാരി എംപി പറഞ്ഞു. പശ്ചിമേഷ്യയിൽ ഇപ്പോൾ നടക്കുന്നത് ഒരു യുദ്ധം മാത്രമല്ലെന്നും ഒന്നിലധികം രാജ്യങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ പോരാട്ടമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇസ്രായേൽ, ഇറാൻ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിലെ തർക്കങ്ങളിൽ പക്ഷം പിടിക്കുന്നത് ഇന്ത്യയുടെ താൽപ്പര്യങ്ങളെ ബാധിക്കുമെന്നും, ‘ഇത് നമ്മുടെ യുദ്ധമല്ല’ എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് തന്ത്രപരമായ സ്വയംഭരണാധികാരം (Strategic Autonomy) ഉയർത്തിപ്പിടിക്കുന്നതിൽ ഇന്ത്യ വിജയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് എംപി ശശി തരൂരും കേന്ദ്ര സർക്കാരിന്റെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ലേഖനത്തിൽ, നിലവിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരമാധികാരം, അധിനിവേശം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യ ദീർഘകാലമായി ഉയർത്തിപ്പിടിക്കുന്ന തത്വങ്ങളെ ലംഘിക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾ. സംഘർഷത്തിന്റെ തുടക്കം മുതൽ തന്നെ ചർച്ചയുടെയും നയതന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ച് ഇന്ത്യ സംസാരിച്ചിട്ടുണ്ട്. ഇറാൻ നടത്തിയ ആക്രമണങ്ങളെ അപലപിക്കുമ്പോൾ തന്നെ, ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽപിജി, എണ്ണ വിതരണം സുരക്ഷിതമാക്കാൻ ഇറാനുമായുള്ള നയതന്ത്രബന്ധം സംരക്ഷിക്കാൻ ഇന്ത്യ കാണിക്കുന്ന മെയ്വഴക്കം പ്രശംസനീയമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യൻ വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ സ്വരത്തിൽ സംസാരിക്കുന്നത് ദേശീയ നയതന്ത്രത്തിൽ വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്.

