കൊല്ലം: നാടിനെ നടുക്കിയ ഡോ. വന്ദനാ ദാസ് വധക്കേസിൽ പ്രതി ജി. സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്കൂൾ അധ്യാപകനായിരുന്ന പ്രതി സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തിയാണെന്നും പ്രായം പരിഗണിക്കാതെ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചെങ്കിലും കോടതി ജീവപര്യന്തം ശിക്ഷയിൽ ഒതുങ്ങുകയായിരുന്നു. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമായിരുന്നു സന്ദീപിന്റെ അപേക്ഷ. എന്നാൽ പ്രതിക്ക് ഗുരുതരമായ മാനസികാസ്വാസ്ഥ്യം ഇല്ലെന്ന് സാക്ഷിമൊഴികളും ശാസ്ത്രീയ രേഖകളും നിരത്തി പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. കേസിൽ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകളും 22 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.
2023 മെയ് 10-ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് കേരള മനസ്സാക്ഷിയെ മരവിപ്പിച്ച ക്രൂരകൃത്യം അരങ്ങേറിയത്. അടിപിടിക്കിടെ പരിക്കേറ്റതിനെത്തുടർന്ന് പൂയപ്പള്ളി പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചതായിരുന്നു കുടവട്ടൂർ സ്വദേശിയായ സന്ദീപിനെ. ഡ്രെസിംഗ് റൂമിൽ വെച്ച് പെട്ടെന്ന് പ്രകോപിതനായ സന്ദീപ്, അവിടെയുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി പോലീസുകാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചു. അക്രമിയിൽ നിന്ന് ഓടിരക്ഷപ്പെടാൻ കഴിയാതിരുന്ന ഡോ. വന്ദനാ ദാസിനെ സന്ദീപ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. വന്ദനയുടെ വിയോഗം ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ച വലിയ പ്രതിഷേധങ്ങൾക്കും നിയമപരിഷ്കാരങ്ങൾക്കും വഴിതുറന്നിരുന്നു.

