ഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂർ പാതയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സൂചിമലയിൽ 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ 14 മണിക്കൂർ നീണ്ട അതിസാഹസിക ദൗത്യത്തിനൊടുവിൽ സൈന്യം രക്ഷപ്പെടുത്തി. ചെങ്കൽപേട്ട സ്വദേശിയായ ശിവഗുരുനാഥനാണ് സെൽഫിയെടുക്കുന്നതിനിടെ വ്യൂ പോയിന്റിന് സമീപത്തെ നിയന്ത്രിത മേഖലയിൽ നിന്ന് കാൽവഴുതി വീണത്. വീഴ്ചയുടെ ആഘാതത്തിൽ പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയ ശിവഗുരുനാഥന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടമെങ്കിലും ബോധരഹിതനായതിനാൽ വിവരം പുറത്തറിയാൻ വൈകി. പിന്നീട് ബോധം വീണപ്പോൾ യുവാവ് തന്നെ ടാക്സി ഡ്രൈവറെ ഫോണിൽ വിളിച്ചതോടെയാണ് ലോകം അപകടവിവരം അറിഞ്ഞത്.
അഗ്നിരക്ഷാസേനയും വനംവകുപ്പും നടത്തിയ ആദ്യഘട്ട ശ്രമങ്ങൾ പരാജയപ്പെട്ടതോടെ രാത്രിയോടെ മദ്രാസ് റെജിമെന്റിലെ പ്രത്യേക റെസ്ക്യൂ ടീം രംഗത്തിറങ്ങുകയായിരുന്നു. കാട്ടാനക്കൂട്ടം വിഹരിക്കുന്ന അതീവ അപകടം പിടിച്ച മേഖലയിൽ വെളിച്ചക്കുറവും കഠിനമായ ഭൂപ്രകൃതിയും വെല്ലുവിളിയായി. ഒടുവിൽ പുലർച്ചെ നാല് മണിയോടെ കയറിൽ കെട്ടിയ സ്ട്രെച്ചറിൽ കിടത്തി അതിസാഹസികമായാണ് യുവാവിനെ പുറത്തെത്തിച്ചത്. അവിടെനിന്ന് ഒരു കിലോമീറ്ററോളം ചുമന്ന് മലയുടെ അടിവാരത്തെത്തിച്ച ശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും നേരിട്ട് നിയന്ത്രിച്ച ദൗത്യത്തിൽ സൈന്യവും നാട്ടുകാരും ഉദ്യോഗസ്ഥരുമടക്കം 150-ഓളം പേരാണ് പങ്കാളികളായത്.

