കൊല്ലം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, കെഎസ്ഇബി നൽകുന്ന വൈദ്യുതി ബില്ലുകളിൽ സർക്കാരിന്റെ നേട്ടങ്ങൾ പരസ്യപ്പെടുത്തിക്കൊണ്ട് എൽഡിഎഫ് പ്രചാരണം നടത്തുന്നതായി പരാതി. ‘പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ’ എന്ന വാചകമാണ് മീറ്റർ റീഡർമാർ വീടുകളിൽ നൽകുന്ന ബില്ലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിൽ ഇന്ന് വിതരണം ചെയ്ത ബില്ലുകളിലാണ് ഇത്തരത്തിൽ സർക്കാർ പരസ്യം പ്രത്യക്ഷപ്പെട്ടത്. മുൻകാലങ്ങളിൽ ശുചിത്വ സന്ദേശങ്ങളും ബോധവൽക്കരണ നിർദ്ദേശങ്ങളും നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ രാഷ്ട്രീയ പ്രചാരണം നടക്കുന്നത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളോ പൊതുമുതലോ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം നിലനിൽക്കെ, ഔദ്യോഗിക രേഖയായ വൈദ്യുതി ബില്ലിൽ ഇത്തരം വാചകങ്ങൾ ഉൾപ്പെടുത്തിയത് ഗുരുതരമായ നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും കർശനമായി പാലിക്കേണ്ട ഈ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതോടെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമ്മീഷൻ നടപ്പിലാക്കുന്ന ചട്ടങ്ങളെ വെല്ലുവിളിക്കുന്നതാണ് ഈ നടപടിയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

