Home Nationalപാകിസ്താന് വേണ്ടി ചാരപ്പണി; വ്യോമസേനാ ഉദ്യോഗസ്ഥൻ പിടിയിൽ; കൈമാറിയത് മിസൈൽ കേന്ദ്രങ്ങളുടെ നിർണ്ണായക വിവരങ്ങൾ

പാകിസ്താന് വേണ്ടി ചാരപ്പണി; വ്യോമസേനാ ഉദ്യോഗസ്ഥൻ പിടിയിൽ; കൈമാറിയത് മിസൈൽ കേന്ദ്രങ്ങളുടെ നിർണ്ണായക വിവരങ്ങൾ

by news_desk
0 comments

ജയ്‌പൂർ: ഇന്ത്യൻ വ്യോമസേനയുടെ അതീവ രഹസ്യങ്ങൾ പാകിസ്താന് ചോർത്തി നൽകിയ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. അസമിലെ ദിബ്രുഗഢ് എയർഫോഴ്സ് സ്റ്റേഷനിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന സുമിത് കുമാറിനെയാണ് രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഈ വർഷം ആദ്യം ജയ്‌സാൽമീറിൽ നിന്ന് പിടിയിലായ ജബാര റാം എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് സുമിത്തിനെക്കുറിച്ചുള്ള വിവരങ്ങൾ സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചത്. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2023 മുതൽ ഇയാൾ പാക് ഇന്റലിജൻസ് ഏജൻസികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.

യുദ്ധവിമാനങ്ങളുടെ വിന്യാസം, മിസൈൽ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ, മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തുടങ്ങിയവയാണ് സുമിത് കുമാർ പാകിസ്താന് കൈമാറിയത്. അസമിലെയും രാജസ്ഥാനിലെ ബിക്കാനീറിലെയും വ്യോമസേനാ താവളങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ ചാരപ്പണി നടത്തിയിരുന്നത്. വിവരങ്ങൾ കൈമാറുന്നതിന് പ്രതിഫലമായി വൻതുക കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പാക് ചാരന്മാർക്ക് ഉപയോഗിക്കാനായി സ്വന്തം മൊബൈൽ നമ്പറിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറന്നു നൽകുകയും ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ജയ്‌പൂരിലെത്തിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഈ ചോർച്ച ഉണ്ടാക്കിയിട്ടുണ്ടോ എന്ന് സൈനിക ഇന്റലിജൻസ് പരിശോധിച്ച് വരികയാണ്.

You may also like