Home Top Storiesതിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; വൻ വിവാദം, സാങ്കേതിക പിഴവെന്ന് വിശദീകരണം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; വൻ വിവാദം, സാങ്കേതിക പിഴവെന്ന് വിശദീകരണം

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച ഔദ്യോഗിക കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ചത് വൻ വിവാദത്തിന് തിരികൊളുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മുദ്രയ്ക്ക് പകരമാണ് ബിജെപിയുടെ സീൽ കത്തിൽ പ്രത്യക്ഷപ്പെട്ടത്. ഈ മാസം 22-ന് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് കമ്മീഷൻ അയച്ച ഇമെയിൽ സന്ദേശത്തിനൊപ്പമുള്ള കത്തിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് ലഭിച്ച കത്തുകളിലും ബിജെപിയുടെ സീൽ ഉൾപ്പെട്ടിട്ടുണ്ട്. 2019-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതായിരുന്നു ഈ സന്ദേശം.

സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായതോടെ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. ഇതൊരു സാങ്കേതിക പിഴവാണെന്നും കത്തിൽ സീൽ പതിഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമാണ് കമ്മീഷന്റെ വാദം. എന്നാൽ, ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ സീൽ എങ്ങനെ വന്നുവെന്നതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസും സിപിഎമ്മും ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വിധേയമായാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം.

You may also like