Home Top Storiesയു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമർശം: നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമർശം: നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

by news_desk
0 comments

കായംകുളം: എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആലപ്പുഴ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിടെ മുസ്ലീം ലീഗ് നേതാവും യുഡിഎഫ് മണ്ഡലം കൺവീനറുമായ എ. ഇർഷാദാണ് അധിക്ഷേപകരമായ പ്രസംഗം നടത്തിയത്. സിറ്റിംഗ് എംഎൽഎ കൂടിയായ പ്രതിഭയുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനിടെയായിരുന്നു വിവാദ പരാമർശം. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയ എൽഡിഎഫ്, വിഷയം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി ഉയർത്താനാണ് നീക്കം ചെയ്യുന്നത്.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയുടെ നേതൃത്വത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കായംകുളത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകൾക്കുമെതിരെയുള്ള അധിക്ഷേപമാണിതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വിവാദം കൊഴുത്തതോടെ ഇർഷാദിനെ മുസ്ലീം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഈ നടപടി ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രതിരോധം തീർക്കുന്നത്. തന്റെ വാക്കുകൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചതാണെന്നും എങ്കിലും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇർഷാദ് വ്യക്തമാക്കി.

അധിക്ഷേപ പരാമർശത്തെ ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവും പ്രതികരിച്ചു. എന്നാൽ, തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചത് വലിയ വേദനയുണ്ടാക്കിയെന്നും മാപ്പ് അംഗീകരിക്കാനാവില്ലെന്നും വികാരാധീനയായി യു. പ്രതിഭ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് എൽഡിഎഫ് തീരുമാനം.

You may also like