ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’ എന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്ത ആരാധകർ ഇതിനകം ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ, പത്മഭൂഷൺ പുരസ്കാരം നേടിയ മമ്മൂട്ടിക്ക് ചിത്രത്തിന്റെ സെറ്റിൽ പ്രത്യേക ആദരവ് നൽകി സിനിമാ പ്രവർത്തകർ. കേക്ക് മുറിച്ചാണ് ധനുഷും അണിയറ പ്രവർത്തകരും മമ്മൂട്ടിയുടെ നേട്ടം ആഘോഷിച്ചത്.
പത്മഭൂഷൺ നേടിയ മമ്മൂട്ടിക്ക് ആദരസൂചകമായാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പോസ്റ്ററും നേരത്തെ പുറത്തിറക്കിയത്. കണ്ണുകൾ മാത്രം വ്യക്തമാകുന്ന രീതിയിലുള്ള ആ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്ററായ ‘അമരൻ’ എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2018-ൽ റാം സംവിധാനം ചെയ്ത ‘പേരൻപ്’ ആയിരുന്നു മമ്മൂട്ടിയുടെ അവസാന തമിഴ് ചിത്രം. ആ ചിത്രത്തിലെ പ്രകടനത്തിന് വലിയ പ്രേക്ഷക-നിരൂപക പ്രശംസയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. തമിഴിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവിനായി ആരാധകർ വലിയ പ്രതീക്ഷയിലാണ്.
ധനുഷിനും മമ്മൂട്ടിക്കും പുറമെ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. സായ് പല്ലവിയാണ് നായിക. ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കും. ‘മാരി 2’ ന് ശേഷം ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
13 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും ധനുഷും വീണ്ടും ഒരുമിക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ മലയാള ചിത്രം ‘കമ്മത്ത് ആൻഡ് കമ്മത്ത്’ ൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു.
തെന്നിന്ത്യൻ സംഗീത സംവിധായകൻ സായ് അഭയങ്കറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ധനുഷ് ചിത്രത്തിന് അദ്ദേഹം ആദ്യമായാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

