കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കൂടുതൽ കണ്ടെത്തലുകളിലേക്ക്. പത്താം ക്ലാസ് വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വിദ്യാർത്ഥി സ്കൂളിലേക്ക് വാറ്റ് ചാരായം എത്തിക്കുന്നത് മൂന്നാം തവണയാണെന്നാണ് വെളിപ്പെടുത്തൽ.
സഹപാഠികൾക്ക് നൽകാനാണ് സ്കൂളിലേക്ക് മദ്യം എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഉച്ചഭക്ഷണ സമയത്താണ് വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നതെന്ന് പിടിഎ പ്രസിഡന്റ് പ്രതികരിച്ചു. കൂടുതൽ വിദ്യാർത്ഥികൾക്ക് മദ്യം നൽകാൻ ശ്രമമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. മദ്യം കഴിക്കാത്ത വിദ്യാർത്ഥികളാണ് സംഭവം അധ്യാപകരെ അറിയിച്ചതെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു.
സംഭവത്തിൽ അബ്കാരി ആക്ട് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മുഖ്യപ്രതിയായ രണ്ടാനച്ഛനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
കുട്ടിയുടെ രണ്ടാനച്ഛനാണ് വാറ്റ് ചാരായം കുപ്പിയിലാക്കി കുട്ടിയുടെ ബാഗിൽ നൽകി സ്കൂളിലേക്ക് അയച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. അരലിറ്റർ കുപ്പികളിലാക്കിയാണ് ചാരായം കുട്ടിയെ ഏൽപ്പിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. നിലവിൽ രണ്ടാനച്ഛൻ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വ്യാജ മദ്യം നിർമിക്കാൻ കുട്ടികളെ രണ്ടാനച്ഛൻ ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.
ഇന്നലെ അധ്യാപകർ നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയത്. തുടർന്ന് രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന് 56 കുപ്പി (28 ലിറ്റർ) വാറ്റ് ചാരായവും പിടിച്ചെടുത്തു.
വാറ്റ് ചാരായം നിർമിച്ചത് കുട്ടിയുടെ രണ്ടാനച്ഛനാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. 500 മില്ലി ബോട്ടിലുകളിലായാണ് വിദ്യാർത്ഥി മദ്യം സ്കൂളിലേക്ക് എത്തിച്ചിരുന്നത്. പണം വാങ്ങിയാണ് മറ്റ് കുട്ടികൾക്ക് മദ്യം നൽകിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

