തിരുവനന്തപുരം: ആർ.ടി., സബ് ആർ.ടി. ഓഫീസുകളിലെ പൊതുജന സന്ദർശന സമയം സംബന്ധിച്ച് മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ എടുത്ത തീരുമാനം തിരുത്തി ഗതാഗത മന്ത്രി സി.പി. ജോൺ. പൊതുജനങ്ങൾക്ക് ഓഫീസുകളിൽ നേരിട്ട് എത്താനുള്ള സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകിട്ട് നാല് മുതൽ അഞ്ച് വരെയുമായി പുനഃക്രമീകരിച്ചു.
നേരത്തെ പൊതുജന സന്ദർശന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമായി ഗണേഷ് കുമാർ ചുരുക്കിയിരുന്നു. പുതിയ തീരുമാനത്തോടെ വൈകിട്ട് നാല് മുതൽ അഞ്ച് വരെയും പൊതുജനങ്ങൾക്ക് ഓഫീസിലെത്തി സേവനം തേടാനാകും.
അതേസമയം, രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണിവരെ പൊതുജനങ്ങൾക്ക് ഫോൺ മുഖേന ഓഫീസുമായി ബന്ധപ്പെടാൻ സൗകര്യമുണ്ടാകും.
സ്റ്റാഫിന്റെ വർക്ക് ഏരിയയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ഓഫീസിലെ മേധാവിയെ നേരിൽ കാണുന്നതിന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ അനുമതി ഉണ്ടായിരിക്കും.
മേധാവിയെ നേരിൽ കാണേണ്ടവർ ഫോൺ മുഖേന മുൻകൂട്ടി അറിയിപ്പ് നൽകേണ്ടതുണ്ട്.
