Home Keralaറിസോർട്ടിൽ ക്വട്ടേഷൻ സംഘവുമായി ഒത്തുചേർന്ന കേസ്; ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്, അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി

റിസോർട്ടിൽ ക്വട്ടേഷൻ സംഘവുമായി ഒത്തുചേർന്ന കേസ്; ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്, അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി

by news_desk1
0 comments

കൊച്ചി: ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി റിസോർട്ടിൽ ഒത്തുചേർന്ന കേസിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം കോതമംഗലം മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

അതേസമയം, സമൂഹമാധ്യമത്തിലൂടെ ആഭ്യന്തര മന്ത്രിയെ അപമാനിച്ച കേസിൽ തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ആഭ്യന്തര മന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനാണ് കണ്ണൂർ സൈബർ പൊലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

മൊബൈൽ ഫോൺ കണ്ടെത്താൻ കസ്റ്റഡി

ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു കണ്ണൂർ സൈബർ പൊലീസിന്റെ ആവശ്യം. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

എന്നാൽ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ ദേഹപരിശോധനയ്ക്കിടെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും വ്യാജ തെളിവുകൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. അതിനാൽ കസ്റ്റഡി അനുവദിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മറ്റൊരു മൊബൈൽ ഫോൺ കൈവശം വെച്ച് അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനാണ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് തലശ്ശേരി സി.ജെ.എം കോടതി അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

‘എല്ലാം ചെയ്തത് താനെന്ന്’ പ്രതികരണം

എല്ലാം ചെയ്തത് താനാണെന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം. കീഴടങ്ങുന്നതിനായി നിയമസഹായം തേടാനെത്തിയപ്പോഴാണ് വീട്ടിൽനിന്ന് അർജുനെ പൊലീസ് പിടികൂടിയതെന്ന് അഭിഭാഷക ഡെലീറ്റാ ടൈറ്റസ് പറഞ്ഞു.

അർജുൻ ആയങ്കി ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മല്ലപ്പള്ളി കാട്ടാമലയിലെ വീടുകളിൽ പൊലീസ് നടത്തിയ പരിശോധനയ്‌ക്കെതിരെ സി.പി.എം കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. മാർച്ചിനിടെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു പൊലീസിനെതിരെ ഭീഷണി മുഴക്കിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കണ്ടെത്തുന്നതിനുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

You may also like