തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2001-ലെയും 2006-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വി.ഡി. സതീശൻ ആർഎസ്എസ് പിന്തുണ തേടിയിരുന്നതായും ഇതിൽ പ്രതിപക്ഷ നേതാവ് വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 2006-ൽ പറവൂരിൽ നടന്ന ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വന്ദിക്കുകയും ചെയ്തത് ഏത് ‘ഡീലിന്റെ’ ഭാഗമാണെന്ന് സതീശൻ മറുപടി പറയണമെന്ന് മുഖ്യമന്ത്രി കുറിച്ചു.
ഹിന്ദു ഐക്യവേദി അധ്യക്ഷൻ തന്നെ വെളിപ്പെടുത്തിയ ഈ കാര്യങ്ങളിൽ മറുപടി പറയാതെ 2013-ലെ മറ്റൊരു പരിപാടിയെക്കുറിച്ച് പറഞ്ഞ് സതീശൻ ഒഴിഞ്ഞുമാറുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2006 ഫെബ്രുവരിയിൽ പറവൂർ മനക്കപ്പടി സ്കൂളിൽ നടന്ന ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വോട്ട് ലക്ഷ്യമിട്ടാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല. മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് ഈ വിഷയത്തിൽ സത്യമറിയാൻ അവകാശമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനായി നടത്തിയ ഈ ‘ഗോൾവാൾക്കർ പൂജ’യെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ പ്രതിപക്ഷ നേതാവിന് രക്ഷപ്പെടാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

