Home Keralaഅമ്പലപ്പുഴയിൽ ജാഗ്രത വേണം; ജി. സുധാകരന് വർഗീയ ശക്തികളുടെ പിന്തുണയെന്ന് എം വി ഗോവിന്ദൻ

അമ്പലപ്പുഴയിൽ ജാഗ്രത വേണം; ജി. സുധാകരന് വർഗീയ ശക്തികളുടെ പിന്തുണയെന്ന് എം വി ഗോവിന്ദൻ

by news_desk
0 comments

അമ്പലപ്പുഴ: ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദേശം നൽകി. ഭരണം ലഭിച്ചാലും അമ്പലപ്പുഴയിൽ പരാജയം സംഭവിക്കുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്താൽ പാർട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

ജി. സുധാകരന് വർഗീയ ശക്തികളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും കേഡർ വോട്ടുകൾ പൂർണ്ണമായും ഉറപ്പാക്കാൻ ശക്തമായ പ്രവർത്തനം നടത്തണമെന്നും എം വി ഗോവിന്ദൻ നേതാക്കളോട് ആവശ്യപ്പെട്ടു. പാർട്ടി കോട്ടകളിൽ വിള്ളൽ സൃഷ്ടിച്ച് വോട്ട് നേടാനുള്ള നീക്കങ്ങൾ തിരിച്ചറിയണമെന്നും ഒരു വോട്ടുപോലും ചോരാതെ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ജി. സുധാകരന്റെ മത്സരം വർഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നും ആർഎസ്എസ്, എസ്‌ഡിപിഐ വോട്ടുകൾ സമാഹരിക്കാൻ യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നുവെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. സുധാകരനെ നേരിടാൻ വിവിധ രാഷ്ട്രീയ പരിപാടികൾ സംഘടിപ്പിക്കാൻ പാർട്ടി ആലോചിക്കുന്നതായും സൂചനയുണ്ട്. ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി അമ്പലപ്പുഴയിൽ എത്തി പൊതുയോഗത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ എട്ടായിരത്തിലധികം വോട്ടുകൾ നേടിയ എസ്‌ഡിപിഐ ഇത്തവണ സ്ഥാനാർഥിയെ നിർത്താത്തതും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുണ്ടെന്ന രാഷ്ട്രീയ വിലയിരുത്തലുണ്ട്.

ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജി. സുധാകരൻ വീണ്ടും വിമർശനമുയർത്തി. മുഖ്യമന്ത്രി നിലവാരമില്ലാത്ത ഭാഷയാണ് ഉപയോഗിക്കുന്നതെന്നും പൊതുജനങ്ങൾക്ക് ഹിതകരമായ കാര്യങ്ങളാണ് നേതാക്കൾ പറയേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

You may also like