Home Keralaറഹീമിനെതിരെ വി.എസ്. ശിവകുമാർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി; എസ് ഡി പി ഐ പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

റഹീമിനെതിരെ വി.എസ്. ശിവകുമാർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി; എസ് ഡി പി ഐ പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

by news_desk
0 comments

തിരുവനന്തപുരം: കോൺഗ്രസിനെതിരെ ബിജെപി ഡീൽ ആരോപണം ഉന്നയിച്ച സിപിഎം നേതാവ് എ.എ. റഹീമിനെതിരെ അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. റഹീമിനെതിരെ രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ജില്ലാ കളക്ടർക്ക് പരാതി നൽകിയതായും ശിവകുമാർ അറിയിച്ചു. പരാജയഭീതി പൂണ്ട സിപിഎം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും പെരുമാറ്റച്ചട്ട ലംഘനം നടത്തിയ റഹീം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തും അരുവിക്കരയിലും യുഡിഎഫ് വിജയം ഉറപ്പാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

അതേസമയം, തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ തേടിയെന്ന ആരോപണങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വർഗീയതയോട് ഇടതുമുന്നണി എന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചാണ് എൽഡിഎഫ് ജനവിധി തേടുന്നത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് നല്ലതെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയ ധാരണയുടെ ഭാഗമല്ലെന്നും ശുദ്ധമായ വർഗീയവിരുദ്ധ നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തെ വാർത്താസമ്മേളനത്തിൽ നിന്നിറങ്ങിപ്പോയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ മാധ്യമങ്ങൾ വക്രീകരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ അടിത്തറയാണെന്നും 2028-ഓടെ പദ്ധതിയുടെ നാല് ഘട്ടങ്ങളും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം വിഴിഞ്ഞത്ത് നിന്ന് 125 കോടി രൂപ വരുമാനം ലഭിച്ചു. ഐടി മേഖലയിൽ കയറ്റുമതിയിൽ 200 ശതമാനം വളർച്ചയുണ്ടായെന്നും പത്ത് വർഷത്തിനിടെ സർക്കാർ 70,000 അധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വികസനപാത തുടരണോ എന്നതാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

You may also like