Home Blogപ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന് ലോകമെങ്ങും ഇന്ന് ഈസ്റ്റർ; ദേവാലയങ്ങളിൽ ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾ

പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന് ലോകമെങ്ങും ഇന്ന് ഈസ്റ്റർ; ദേവാലയങ്ങളിൽ ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾ

by news_desk
0 comments

കൊച്ചി: പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. അൻപത് നാൾ നീണ്ടുനിന്ന വലിയ നോമ്പിന്റെ വിശുദ്ധിയിൽ പ്രത്യാശയുടെയും വിമോചനത്തിന്റെയും സന്ദേശം ഉയർത്തിയാണ് വിശ്വാസികൾ ഉയിർപ്പ് തിരുനാളിനെ വരവേറ്റത്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ശനിയാഴ്ച അർദ്ധരാത്രി മുതൽ പുലർച്ചെ വരെ നീണ്ടുനിന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും തിരുക്കർമ്മങ്ങളും നടന്നു.

സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി. സമാധാനമില്ലാത്ത ലോകത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നതെന്നും പശ്ചിമേഷ്യൻ മേഖല യുദ്ധത്തിന്റെ മുനമ്പായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. മനുഷ്യൻ പണിയുന്ന സ്വാർത്ഥതയുടെ മതിലുകളാണ് എല്ലാ കലാപങ്ങൾക്കും കാരണമെന്നും സ്വാർത്ഥത പരാജയപ്പെടുന്നിടത്താണ് സ്വർഗ്ഗരാജ്യം ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ചടങ്ങുകളിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഈസ്റ്റർ സന്ദേശം നൽകി. ലോകം യുദ്ധഭീതിയിൽ നിന്ന് എത്രയും വേഗം മുക്തി നേടാൻ പ്രാർത്ഥിക്കണമെന്നും ഗൾഫ് രാജ്യങ്ങളിലുള്ള മലയാളി സഹോദരങ്ങൾ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും, നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ സുറിയാനി പള്ളിയിൽ യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്കാ ബാവയും തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു.

പാമ്പാടി ദയറായിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ കാർമ്മികത്വം വഹിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലും വിശ്വാസികൾ ആത്മീയ ചൈതന്യത്തോടെ ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കുചേർന്നു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനകളും ദേവാലയങ്ങളിൽ ഉയർന്നു.

You may also like