ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്ന ‘ലസാർ’ അന്തരിച്ചു. ഫ്രഞ്ച് ടോയ് സ്പാനിയൽ ഇനത്തിൽപ്പെട്ട ലസാർ 30-ാം വയസിലായിരുന്നു മരണത്തിന് കീഴടങ്ങിയത്. ലസാറിന്റെ സംരക്ഷകയാണ് മരണവിവരം അറിയിച്ചത്.
1995 ഡിസംബർ 4ന് ജനിച്ച ലസാർ, ജീവിതത്തിന്റെ ഭൂരിഭാഗവും ഒരേ ഉടമയ്ക്കൊപ്പമാണ് കഴിഞ്ഞത്. ഉടമയുടെ മരണത്തിന് പിന്നാലെ മൃഗസംരക്ഷണ സംഘടനയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഒഫെലി ബൂഡോൾ എന്ന യുവതി ലസാറിനെ ദത്തെടുത്തത്.
തന്റെ അമ്മയ്ക്കായി വളർത്തുമൃഗത്തെ അന്വേഷിച്ചെത്തിയ ഒഫെലി, തനിക്കു സമാന പ്രായമുള്ള ലസാറിനെ കുടുംബത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. എന്നാൽ ദത്തെടുത്ത് ഏതാനും ആഴ്ചകൾക്കകം ലസാർ മരണപ്പെട്ടു.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെന്ന ഗിന്നസ് റെക്കോർഡിനായി ലസാറിന്റെ പേര് പരിഗണനയിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

