Home Blogയാത്രയ്ക്കിടെ കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല്; മുൻ വ്യോമസേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം, ഭാര്യയ്ക്കും ബന്ധുവിനും ഗുരുതര പരിക്ക് —

യാത്രയ്ക്കിടെ കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല്; മുൻ വ്യോമസേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം, ഭാര്യയ്ക്കും ബന്ധുവിനും ഗുരുതര പരിക്ക് —

by news_desk1
0 comments

നീലഗിരി: കനത്ത മഴയ്ക്കിടെ റോഡിലേക്ക് അപ്രതീക്ഷിതമായി വീണ കൂറ്റൻ പാറക്കല്ല് കാറിന് മുകളിൽ പതിച്ച് യാത്രക്കാരന് ദാരുണാന്ത്യം. ഊട്ടി സ്വദേശി ബി കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യ ദേവകിക്കും ബന്ധുവായ ചിന്താമണിക്കും ഗുരുതരമായി പരിക്കേറ്റു. കുനൂർ–മേട്ടുപ്പാളയം റോഡിലാണ് അപകടമുണ്ടായത്.

വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായ ബി കൃഷ്ണമൂർത്തിയും ഭാര്യയും മകനുമടക്കം അഞ്ച് പേരാണ് മേട്ടുപ്പാളയത്തെ ബന്ധുവിന്റെ വീട്ടിൽ ചടങ്ങിൽ പങ്കെടുക്കാൻ പോയത്. ഇതിനിടെയാണ് റോഡിന്റെ ഒരു വശത്തുനിന്ന് കൂറ്റൻ പാറക്കല്ലുകൾ അപ്രതീക്ഷിതമായി താഴേക്ക് പതിച്ചത്.

കാറിന്റെ മുൻവശത്തെ ഇടതുവശത്തായിരുന്നു കൃഷ്ണമൂർത്തി ഇരുന്നത്. ഈ ഭാഗത്തേക്കാണ് പാറക്കല്ലുകൾ പതിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണമൂർത്തിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൃഷ്ണമൂർത്തിയുടെ തൊട്ടുപിന്നിലിരുന്ന ഭാര്യ ദേവകിക്കും ബന്ധുവായ ചിന്താമണിക്കും ഗുരുതരമായി പരിക്കേറ്റു. കൃഷ്ണമൂർത്തിയുടെ മകനാണ് വാഹനം ഓടിച്ചിരുന്നത്. മകനും മറ്റുള്ളവർക്കും കാര്യമായ പരിക്കില്ല.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി നീലഗിരി മേഖലയിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്നുണ്ടായ സാഹചര്യത്തിലാണ് പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like