ചെന്നൈ: ഡൽഹിയിൽ കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം മെട്രോ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പൂനമല്ലി–വടപളനി പാത ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു ഇരുവരുടെയും യാത്ര.
പോരൂർ ബൈപാസ് സ്റ്റേഷനിൽനിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചുമാണ് മോദിയും വിജയും മെട്രോയിൽ സഞ്ചരിച്ചത്. രണ്ടാം ഘട്ടത്തിലെ നാലാം ഇടനാഴിയിൽ ഉൾപ്പെടുന്ന പുതിയ മെട്രോ സർവീസുകൾ ഇരുവരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഏകദേശം 15 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയിൽ 11 എലിവേറ്റഡ് സ്റ്റേഷനുകളാണുള്ളത്.
തമിഴ്നാട്ടിൽ 13,000 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുന്നതിനായാണ് പ്രധാനമന്ത്രി ചെന്നൈയിലെത്തിയത്. വിമാനത്താവളത്തിൽനിന്ന് റോഡ് ഷോ നടത്തിയ മോദി, വഴിയരികിൽ തടിച്ചുകൂടിയ ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിക്ക് തമിഴ്നാട് ബിജെപി വൻ സ്വീകരണമാണ് ഒരുക്കിയത്.
