Home National‘അറസ്റ്റല്ല, തട്ടിക്കൊണ്ടുപോകൽ’; ഇന്ത്യൻ പാസ്‌പോർട്ട് ഉയർത്തി ധ്രുവ് റാഠി

‘അറസ്റ്റല്ല, തട്ടിക്കൊണ്ടുപോകൽ’; ഇന്ത്യൻ പാസ്‌പോർട്ട് ഉയർത്തി ധ്രുവ് റാഠി

by news_desk1
0 comments

ന്യൂഡൽഹി: തന്നെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ആയിരുന്നില്ല, മറിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ആരോപിച്ച് യൂട്യൂബർ ധ്രുവ് റാഠി. ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉയർത്തിക്കാട്ടിയാണ് അദ്ദേഹം വിമർശനങ്ങൾക്ക് മറുപടി നൽകിയത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാനിരിക്കെയാണ് ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. 24 മണിക്കൂറോളം അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇന്ന് പുലർച്ചെ മൂന്നോടെ ഗുരുഗ്രാം പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് വിട്ടയച്ചു. ജന്തർ മന്തറിലേക്ക് പോകരുതെന്ന നിർദേശത്തോടെയായിരുന്നു മോചനം.

വീടിന്റെ വാതിൽ തുറന്നപ്പോൾ ആയുധധാരികളായ അമ്പതിലധികം പേരാണ് മുന്നിലുണ്ടായിരുന്നതെന്ന് ധ്രുവ് റാഠി വീഡിയോയിൽ പറഞ്ഞു. എത്തിയവരിൽ ആരുടെയും വസ്ത്രത്തിൽ നെയിം പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും തനിക്ക് സംസാരിക്കാൻ പോലും അവസരം നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കുറ്റവാളിയോടെന്ന പോലെയാണ് പെരുമാറിയത്. ചെരുപ്പിടാൻ പോലും സമയം നൽകിയില്ലെന്നും അഭിഭാഷകരെ വിളിക്കാൻ അനുവദിച്ചില്ലെന്നും ധ്രുവ് വ്യക്തമാക്കി.

ധ്രുവ് റാഠിക്ക് ജർമൻ പൗരത്വമാണെന്ന വാദമുയർത്തി ചില വലതുപക്ഷ സമൂഹമാധ്യമ അക്കൗണ്ടുകൾ കസ്റ്റഡിയിലെടുത്ത നടപടിയെ ന്യായീകരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യൻ പാസ്‌പോർട്ട് ഉയർത്തിക്കാട്ടി താൻ ഇന്ത്യൻ പൗരനാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

You may also like