ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെയും യൂട്യൂബർ ധ്രുവ് റാഠിയെയും വിട്ടയച്ചു. ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന കർശന മുന്നറിയിപ്പോടെയാണ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടത്.
കോടതിയിൽ ഹാജരാക്കിയ ശേഷമാണ് സിജെപി നേതാക്കളെ വിട്ടയച്ചത്. ഇന്നലെ രാവിലെ 10.30ഓടെ കസ്റ്റഡിയിലെടുത്ത ഇവരെ 24 മണിക്കൂറിന് ശേഷമാണ് പൊലീസ് മോചിപ്പിച്ചത്. ഗുരുഗ്രാമിൽനിന്ന് കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠിക്കും വിട്ടയക്കുമ്പോൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർന്നും പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ നടപടിയുണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചത്.
പൊലീസിന് തങ്ങളെ വിട്ടയക്കേണ്ടിവന്നതാണെന്ന് പ്രതികരിച്ച സിജെപി, ‘പാറ്റകൾ ഒരിക്കലും ചാകില്ല’ എന്ന പരിഹാസക്കുറിപ്പും സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇന്നലത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ 20 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമം കൈയിലെടുക്കാൻ ശ്രമിച്ചെന്നത്, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നത്, പൊലീസിനെ ആക്രമിച്ചെന്നത് തുടങ്ങിയ ആരോപണങ്ങളാണ് കേസുകളിലുള്ളത്. ഉച്ചയ്ക്ക് രണ്ടിന് മാധ്യമങ്ങളെ കാണുമെന്നും തുടർസമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും സിജെപി നേതാവ് അശുതോഷ് രംഗ അറിയിച്ചു.
അതേസമയം, അഭിജീത് ദീപ്കെയെ വിട്ടയച്ചെന്ന ഡൽഹി പൊലീസിന്റെ വാദം നുണയാണെന്ന് കുടുംബം ആരോപിച്ചു. അഭിജീതിനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് അമ്മ അനിത ദീപ്കെ പറഞ്ഞു. മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞാൽ അഭിജീത് എന്തായാലും മടങ്ങിയെത്തുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. അഭിജീത് എത്തിയശേഷം മാത്രമേ സംസ്കാരച്ചടങ്ങുകൾ നടത്തൂവെന്നും കുടുംബം അറിയിച്ചു.
