തിരുവനന്തപുരം: കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി വിവാദത്തിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനമുയർത്തിയ ശ്രീലേഖ, ഡിജിപിയുടെ ജോലി ചെയ്യുന്ന ഒരാളോട് കോൺസ്റ്റബിളിന്റെ പണി ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് പ്രതികരിച്ചു. വിഷമം തോന്നിയപ്പോഴാണ് മേയർക്കു രാജി സന്ദേശം അയച്ചതെന്നും അവർ വ്യക്തമാക്കി.
ബിജെപിയിൽനിന്ന് രാജിവച്ചിട്ടില്ലെന്നും പാർട്ടിയുടെ അഭിമാനമുള്ള അംഗമായി ജീവിതാവസാനം വരെ തുടരുമെന്നും ശ്രീലേഖ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന തുടരുമെന്നും പാർട്ടി വിട്ടുപോകില്ലെന്നും വ്യക്തമാക്കിയ അവർ, ‘ബിജെപിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും, ഉറപ്പ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ മേയറാകാത്തതിലുള്ള നിരാശയാണ് കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ കാരണമെന്ന പ്രചാരണത്തിൽ കാര്യമില്ലെന്നും ശ്രീലേഖ പറഞ്ഞു. ഡിജിപിയോട് പൊലീസ് കോൺസ്റ്റബിളിന്റെ ജോലിയും കരസേനാ ജനറലിനോട് സാധാരണ സൈനികന്റെ ചുമതലയും നിർവഹിക്കാൻ ആവശ്യപ്പെട്ടാൽ പ്രയാസമുണ്ടാകുമെന്നായിരുന്നു താരതമ്യം. ഇത്തരം ബുദ്ധിമുട്ടുകൾ സഹിച്ചാണ് മത്സരിച്ചതെന്നും ജോലി ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥയായിരിക്കെ നേരിട്ട സമ്മർദങ്ങളെക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അന്ന് രാജിവയ്ക്കാതെ അതിജീവിക്കാൻ സഹായിച്ചത് പൊലീസിലെ ശക്തമായ പിന്തുണാ സംവിധാനമായിരുന്നെന്നും ശ്രീലേഖ വ്യക്തമാക്കി. താൻ വിളിച്ചുപറയുന്ന കാര്യങ്ങൾ കേൾക്കാൻ അന്ന് ആളുകളുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
ജോലി, അഡ്മിഷൻ, അതിർത്തിത്തർക്കം തുടങ്ങി തനിക്ക് നേരിട്ട് പരിഹരിക്കാനാകാത്ത നിരവധി വിഷയങ്ങളുമായി ആളുകൾ രാത്രിവരെ വീട്ടിലും ഓഫീസിലും എത്താറുണ്ടെന്ന് ശ്രീലേഖ പറഞ്ഞു. ഉപദേശം നൽകുകയോ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയോ ചെയ്താലും പലരും തൃപ്തരാകുന്നില്ല. പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞാൽ പോലും കാര്യങ്ങൾ കേൾക്കണമെന്നില്ലെന്നും ബിജെപി കൗൺസിലർ എന്ന നിലയിൽ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ ആരും തന്നെ കേൾക്കുന്നില്ലെന്നുമാണ് അവരുടെ പരാതി. ഇതെല്ലാം വലിയ സമ്മർദമുണ്ടാക്കുന്നുവെന്നും ഒരു ഘട്ടത്തിൽ തനിക്ക് ഇതെല്ലാം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് തോന്നിയെന്നും അവർ വിശദീകരിച്ചു.
ടെലിഫോൺ കണക്ഷൻ, വൈദ്യുതി, മാലിന്യനീക്കം, ഓട വൃത്തിയാക്കൽ തുടങ്ങിയ വിഷയങ്ങൾ ഉടൻ പരിഹരിക്കണമെന്നാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും ശ്രീലേഖ പറഞ്ഞു. സെപ്റ്റംബർ 30നാണ് രാജി കൈമാറിയത്. കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായും കഴിഞ്ഞ ഒമ്പത് മാസത്തെ തിരക്കിനെത്തുടർന്ന് ജീവിതക്രമം താറുമാറായതായും അവർ വ്യക്തമാക്കി. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൗൺസിലർ സ്ഥാനത്ത് തുടരുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
