കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ വിവാദ പരാമർശങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഡാഷ് മോനേ രേവന്താ… വിശദമായ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ കാണിക്കേണ്ട മിനിമം മര്യാദ രേവന്ത് റെഡ്ഡി പാലിച്ചോ എന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കട്ടെയെന്നും പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാർത്ഥം നടത്തിയ റോഡ് ഷോയ്ക്കിടെയാണ് രേവന്ത് റെഡ്ഡി ‘നീ പോ മോനെ വിജയാ’ എന്ന സിനിമാ ഡയലോഗ് അനുകരിച്ച് മുഖ്യമന്ത്രിയെ പരിഹസിച്ചത്. പിണറായി വിജയന്റെ കാലാവധി കഴിഞ്ഞെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെയും തെലങ്കാനയിലെയും വികസനം സംബന്ധിച്ച് പരസ്യമായ ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തും രേവന്ത് റെഡ്ഡി പുറത്തുവിട്ടു. ഈ ഔദ്യോഗിക കത്തിലും സമാനമായ പരിഹാസം ആവർത്തിച്ചിരുന്നു.
അദ്ദേഹം പരസ്യമായി വെല്ലുവിളിച്ച സാഹചര്യത്തിൽ താനും പരസ്യമായി തന്നെ മറുപടി നൽകുമെന്നും ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മനസ്സ് എൽഡിഎഫിനൊപ്പമാണെന്നും ഭരണവിരുദ്ധ വികാരം എവിടെയും പ്രകടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് അഴിച്ചുവിട്ട നുണപ്രചാരണങ്ങൾ അവർക്ക് തന്നെ തിരിച്ചടിയാകും. പറയുന്നത് പ്രവർത്തിക്കുക എന്നതാണ് എൽഡിഎഫ് രീതി. വികസനവും ജനക്ഷേമവും ഒന്നിച്ചുകൊണ്ടുപോകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 75 ശതമാനവും സ്വന്തം വിഹിതമാണെന്നും കേന്ദ്രവിഹിതം വെറും 25 ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന പരിഗണന കേരളത്തിന് ലഭിക്കുന്നില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ വികസനത്തെ ബാധിക്കുന്നുണ്ടെന്നും ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അയൽസംസ്ഥാന മുഖ്യമന്ത്രിമാർ നേരിട്ട് ഏറ്റുമുട്ടുന്നത് രാഷ്ട്രീയ കേരളത്തിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾക്കൊപ്പം ഈ വാക്പോരും വരുംദിവസങ്ങളിൽ പ്രചാരണരംഗത്ത് സജീവമാകും.

