ചെന്നൈ: തമിഴ് രാഷ്ട്രീയത്തിന്റെ തട്ടകത്തിൽ ആധുനിക കാലം കണ്ട ഏറ്റവും വലിയ അട്ടിമറിക്ക് സാക്ഷ്യം വഹിച്ച് തമിഴ്നാട്. വെറും രണ്ട് വർഷം മുൻപ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടി.വി.കെ) എന്ന രാഷ്ട്രീയ പാർട്ടിയുമായി കളത്തിലിറങ്ങിയ നടൻ വിജയ്, ഡി.എം.കെ സഖ്യത്തെ നിലംപരിശാക്കി തമിഴ്നാട് ഭരണത്തിലേക്ക്. നിലവിലെ ട്രെൻഡുകൾ പ്രകാരം 109 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് വിജയ് തമിഴ് രാഷ്ട്രീയ ഭൂപടം മാറ്റിവരച്ചിരിക്കുകയാണ്. സ്റ്റാലിൻ സർക്കാരിന്റെ ഭരണത്തുടർച്ചാ മോഹങ്ങൾ തകർത്തുകൊണ്ട് ‘ദളപതി’ കോട്ടകൾ പിടിച്ചടക്കുന്ന കാഴ്ചയാണ് തമിഴകത്തുടനീളം.
സിനിമയിലെ രക്ഷകൻ ഇമേജിൽ നിന്ന് യഥാർത്ഥ രാഷ്ട്രീയ നേതാവിലേക്കുള്ള വിജയ്യുടെ പരിവർത്തനം കൃത്യമായ പ്ലാനിംഗിന്റെ ഫലമായിരുന്നു. എം.ജി.ആറിനെ അനുസ്മരിപ്പിക്കുന്ന വിധം ഗ്രാമീണരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ ഏറ്റെടുത്തും, ‘കത്തി’, ‘മെർസൽ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയും അദ്ദേഹം അടിത്തറ പാകി. ബി.ജെ.പിയുടെ ജി.എസ്.ടി നയങ്ങളെ സിനിമയിലൂടെ വിമർശിച്ചതിന് നേരിട്ട ഐ.ടി റെയ്ഡുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും വിജയ്ക്ക് ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകാനാണ് സഹായിച്ചത്. ഇന്ധനവില വർധനവിനെതിരെ സൈക്കിളിൽ വോട്ട് ചെയ്യാൻ പോയതും തൂത്തുക്കുടി വെടിവെപ്പിലെ ഇരകളെ സന്ദർശിച്ചതും തമിഴ് വികാരം ജ്വലിപ്പിക്കുന്നതിൽ നിർണ്ണായകമായി.
തിരഞ്ഞെടുപ്പ് യാത്രയ്ക്കിടയിൽ കരൂർ റാലിയിലെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടവും കുടുംബപ്രശ്നങ്ങളും രാഷ്ട്രീയ എതിരാളികൾ വലിയ ചർച്ചയാക്കിയെങ്കിലും ജനവിധി വിജയ്ക്കൊപ്പം നിന്നു. അഴിമതി വിരുദ്ധതയും സാമൂഹിക നീതിയും തമിഴ് സ്വത്വവും ഉയർത്തിപ്പിടിച്ച വിജയ്, ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ എന്നീ ദ്രാവിഡ കക്ഷികൾ മാറിമാറി ഭരിച്ച തമിഴ് രാഷ്ട്രീയത്തിൽ മൂന്നാം ബദലായി സ്വയം പ്രതിഷ്ഠിച്ചു. പ്രത്യേക ജാതി-മത സമവാക്യങ്ങളെ കൂട്ടുപിടിക്കാതെ എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കാൻ കഴിഞ്ഞതാണ് ടി.വി.കെയുടെ വിജയരഹസ്യം. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പുതിയ തലൈവനായി വിജയ് അവരോധിക്കപ്പെടുമ്പോൾ തമിഴ്നാട് കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾക്കാണ്.

