തളിപ്പറമ്പ്: സി.പി.ഐ.എം നേതൃത്വത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെയുള്ള താക്കീതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും, തെറ്റുകൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ പാർട്ടിയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും തളിപ്പറമ്പിലെ നിയുക്ത എം.എൽ.എ ടി.കെ. ഗോവിന്ദൻ. ഉൾപ്പാർട്ടി ജനാധിപത്യം നഷ്ടപ്പെട്ടാൽ പാർട്ടി ഫാസിസ്റ്റ് രൂപത്തിലേക്ക് മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തളിപ്പറമ്പിൽ യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ തന്നെ സ്ഥാനാർത്ഥിയാക്കിയത് ജനാധിപത്യ വിരുദ്ധമാണെന്ന് ഗോവിന്ദൻ ആരോപിച്ചു. പി.കെ ശ്യാമളയുടെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ പോയത്. താഴെത്തട്ടിലുള്ള എതിരഭിപ്രായങ്ങൾ പരിഗണിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയൻ യോഗങ്ങളിൽ പങ്കെടുത്തിരുന്നെങ്കിൽ ഈ സ്ഥാനാർത്ഥി നിർണ്ണയം നടക്കില്ലായിരുന്നു എന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചില വ്യക്തികൾ തീരുമാനങ്ങൾ എടുക്കുകയും അത് അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ പാർട്ടിക്കുള്ളിലെന്നും ഇത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെയും ടി.കെ. ഗോവിന്ദൻ രൂക്ഷമായ പരിഹാസം ഉയർത്തി. “വിടുവായത്തം പറയുന്ന നേതാക്കളോട് സഹതാപം മാത്രമേയുള്ളൂ. എം.വി. ജയരാജൻ പൊതുയോഗങ്ങളിൽ പങ്കെടുത്തത് കൊണ്ടാണ് എനിക്ക് വോട്ട് കൂടിയത്. ഒരാളും കൂടെയുണ്ടാകില്ലെന്ന് വെല്ലുവിളിച്ച ജയരാജൻ ഇപ്പോൾ ജനപിന്തുണ ആർക്കൊപ്പമാണെന്ന് മനസ്സിലാക്കട്ടെ. വീടുകൾ കയറി വോട്ട് ചോദിക്കാതെ തന്നെ ജനങ്ങളും പാർട്ടിക്കാരും തന്നെ പിന്തുണച്ചു” – അദ്ദേഹം പറഞ്ഞു.
കേരളത്തിലുണ്ടായ ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം പാർട്ടി സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദനാണെന്നും ടി.കെ. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കുമെന്നും യു.ഡി.എഫ് പിന്തുണച്ച എം.എൽ.എ എന്ന നിലയിൽ ആ തീരുമാനത്തിനൊപ്പം താൻ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തളിപ്പറമ്പിലെ വിജയം ആശയപരമായ പോരാട്ടത്തിന്റെ വിജയമാണെന്നും ഗോവിന്ദൻ മാഷ് പറഞ്ഞു.

