Home Keralaസംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, വരും ദിവസങ്ങളിലും മഴ തുടരും

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, വരും ദിവസങ്ങളിലും മഴ തുടരും

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ സജീവമാകുന്നു. മധ്യ-തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് ഉണ്ടായിരിക്കും. മെയ് 11 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നാണ് പ്രവചനം.

അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. യെല്ലോ അലേർട്ട് പ്രഖ്യാപിക്കാത്ത ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലേർട്ടാണ് നൽകിയിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തിലാണ് ശക്തമായ മഴ എന്ന വിഭാഗത്തിൽപ്പെടുത്തി യെല്ലോ അലേർട്ട് നൽകുന്നത്.

മെയ് 11 വരെ സംസ്ഥാനത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിമിന്നൽ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. വടക്കൻ കേരളത്തിലും മഴ പെയ്തു തുടങ്ങിയത് സംസ്ഥാനത്തെ കടുത്ത ചൂടിന് നേരിയ ശമനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like