ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയിക്കെതിരെ രൂക്ഷ വിമർശനവുമായി വിടുതലൈ ചിരുതൈഗൾ കക്ഷി (വിസികെ) രംഗത്ത്. രാഷ്ട്രീയ നേതാക്കളെ നേരിൽ കണ്ടു പിന്തുണ തേടുന്നതിനുപകരം വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചത് അഹങ്കാരപരമായ സമീപനമാണെന്ന് വിസികെ ജനറൽ സെക്രട്ടറി ചിന്തനൈ സെൽവൻ ആരോപിച്ചു.
ഭൂരിപക്ഷം ഉറപ്പാക്കാൻ ആവശ്യമായ അംഗബലം ഇല്ലാത്ത സാഹചര്യത്തിൽ വിജയ് നേരിട്ട് നേതാക്കളെ കാണേണ്ടിയിരുന്നുവെന്ന് വിസികെ അഭിപ്രായപ്പെട്ടു. പിന്തുണ അഭ്യർഥിച്ച് വാട്സ്ആപ്പ് സന്ദേശം അയച്ച് അതിന് മറുപടി പ്രതീക്ഷിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ലെന്നും ചിന്തനൈ സെൽവൻ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു.
വിജയ് തെറ്റായ രാഷ്ട്രീയ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നതെന്നും രണ്ടാംനിര നേതാക്കളുടെ സ്വാധീനത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങളെന്നും വിസികെ ആരോപിച്ചു. തമിഴ്നാട്ടിൽ ഗവർണറുടെ ഇടപെടലിലൂടെ ബിജെപി സ്വാധീനം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുമ്പോൾ അതിനെതിരെ വേണ്ട ജാഗ്രത വിജയ് പുലർത്തിയില്ലെന്നും വിമർശനം ഉയർന്നു.
ഡിഎംകെ സർക്കാരിനെ വിമർശിച്ചുകൊണ്ടിരിക്കെ അതേ മുന്നണിയിലെ കക്ഷികളോട് പിന്തുണ തേടുന്നതിലെ രാഷ്ട്രീയ യുക്തിയും വിസികെ ചോദ്യം ചെയ്തു. കൂടാതെ, വിസികെ പ്രവർത്തകരെ ‘സ്ലീപ്പർ സെല്ലുകൾ’ എന്ന് വിശേഷിപ്പിച്ച ടിവികെ നേതാക്കളുടെ പരാമർശങ്ങളും ശക്തമായി അപലപിച്ചു.
തിരഞ്ഞെടുപ്പിന് പിന്നാലെ ടിവികെ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയ നടപടി തമിഴ്നാട്ടിൽ വീണ്ടും ‘റിസോർട്ട് രാഷ്ട്രീയം’ സജീവമാക്കിയെന്നും വിസികെ ആരോപിച്ചു.
തിരഞ്ഞെടുപ്പിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചിട്ടും വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാനാകാത്തതിനാൽ വിജയിയുടെ സർക്കാർ രൂപവത്കരണ അവകാശവാദം ഗവർണർ രണ്ടുതവണ തള്ളിയിരുന്നു. സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആശങ്കയും വിസികെ പ്രകടിപ്പിച്ചു.

