Home Keralaതിരിച്ചറിയല്‍ രേഖ മറന്നു, പരീക്ഷ നഷ്ടമാകുമെന്ന ആശങ്ക; വിദ്യാര്‍ത്ഥിനിക്ക് തുണയായി പോലീസ്, നീറ്റ് പരീക്ഷാ ഹാളിലേക്ക് സമയത്ത് എത്തിച്ചു

തിരിച്ചറിയല്‍ രേഖ മറന്നു, പരീക്ഷ നഷ്ടമാകുമെന്ന ആശങ്ക; വിദ്യാര്‍ത്ഥിനിക്ക് തുണയായി പോലീസ്, നീറ്റ് പരീക്ഷാ ഹാളിലേക്ക് സമയത്ത് എത്തിച്ചു

by news_desk1
0 comments

മലപ്പുറം: നീറ്റ് പരീക്ഷ എഴുതാന്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖ കൈവശമില്ലാതെ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ ആശങ്കയിലായ വിദ്യാര്‍ത്ഥിനിക്ക് തുണയായി അരീക്കോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍. മഞ്ചേരി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്കാണ് പോലീസിന്റെ സമയോചിത ഇടപെടല്‍ കാരണം പരീക്ഷ എഴുതാന്‍ സാധിച്ചത്.

അരീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയപ്പോഴാണ് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖ വീട്ടില്‍ മറന്നുവെച്ച വിവരം വിദ്യാര്‍ത്ഥിനി തിരിച്ചറിയുന്നത്. ഇതോടെ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന ആശങ്കയില്‍ വിദ്യാര്‍ത്ഥിനിയും രക്ഷിതാക്കളും വിഷമത്തിലായി. പരീക്ഷ ആരംഭിക്കാന്‍ സമയം അടുത്തിരുന്നതിനാല്‍ മഞ്ചേരിയിലെ വീട്ടില്‍ പോയി രേഖ കൊണ്ടുവരാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.

ഈ സമയത്താണ് സ്‌കൂളില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അരീക്കോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. സാജിദ് റഹ്‌മാന്‍ ഇവരുടെ അടുത്തെത്തിയത്. കുട്ടിയുടെ വിഷമം മനസിലാക്കിയ അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആധാര്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ കൈവശമുണ്ടെന്ന് മനസിലാക്കിയ സാജിദ്, വിദ്യാര്‍ത്ഥിനിക്ക് ധൈര്യം നല്‍കി പരിഹാരം കണ്ടെത്താന്‍ മുന്നിട്ടിറങ്ങി.

തുടര്‍ന്ന് അദ്ദേഹം ഉടന്‍ അരീക്കോട് പോലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലെ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് ഔദ്യോഗിക പോര്‍ട്ടല്‍ വഴി കുട്ടിയുടെ തിരിച്ചറിയല്‍ രേഖ ഡൗണ്‍ലോഡ് ചെയ്തു. ശേഷം അതിന്റെ പ്രിന്റൗട്ട് എടുത്ത് പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് സ്‌കൂളിലെത്തിച്ച് വിദ്യാര്‍ത്ഥിനിക്ക് കൈമാറി.

പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് വിദ്യാര്‍ത്ഥിനിക്ക് യാതൊരു തടസ്സവുമില്ലാതെ നീറ്റ് പരീക്ഷ എഴുതാന്‍ അവസരമൊരുക്കിയത്. വാഴക്കാട് സ്വദേശിയായ സാജിദ് റഹ്‌മാന്‍ കഴിഞ്ഞ 12 വര്‍ഷമായി പോലീസ് സേവനത്തിലുണ്ട്. അരീക്കോട് പോലീസ് സ്റ്റേഷനില്‍ സേവനം ആരംഭിച്ചിട്ട് രണ്ട് വര്‍ഷമായി.

You may also like