ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. വിനോദയാത്രയുടെ ഭാഗമായി രാവിലെ കേരളത്തിലെത്തിയ അദ്ദേഹം വേമ്പനാട്ടു കായലിൽ പ്രശസ്തമായ ‘സ്പൈസ് റൂട്ട്’ ഹൗസ് ബോട്ടിൽ യാത്ര ആരംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഇന്ന് രാവിലെ പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ ബംഗളൂരുവിൽ ഇറങ്ങിയ മൈക്കൽ ബൂലോസ്, അവിടെ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുകയും തുടർന്നാണ് റോഡ് മാർഗ്ഗം ആലപ്പുഴയിലേക്ക് തിരിക്കുകയും ചെയ്തത്. എംബസിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ടംഗ സംഘമാണ് അദ്ദേഹത്തോടൊപ്പമുള്ളത്.
ആലപ്പുഴയിലെത്തിയ ബൂലോസ് കേരളത്തിന്റെ പാരമ്പര്യ വള്ളംകളി കാണാൻ പ്രത്യേക താല്പര്യം പ്രകടിപ്പിച്ചു. തുടർന്ന് പുന്നമടക്കായലിൽ വെച്ച് നിരണം ചുണ്ടന്റെയും പി.ബി.സി (PBC) യുടേയും വാശിയേറിയ ട്രയൽ മത്സരങ്ങൾ അദ്ദേഹം നേരിട്ട് കണ്ടു ആസ്വദിച്ചു.
ഇന്ന് വൈകുന്നേരം വരെ ആലപ്പുഴയിൽ തുടരുന്ന സംഘം, രണ്ട് ചുണ്ടൻ വള്ളങ്ങളുടെ ട്രയൽ റൺ വീക്ഷിച്ച ശേഷം കൊച്ചിയിലേക്ക് മടങ്ങും. ഡൊണൾഡ് ട്രംപിന്റെ മകളായ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കൽ ബൂലോസ്. പ്രമുഖ അമേരിക്കൻ വ്യവസായിയും നയതന്ത്രജ്ഞനുമായ മസാദ് ബൗലോസ് ആണ് ഇദ്ദേഹത്തിന്റെ പിതാവ്.
