ദില്ലി: ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്തുകയും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം വളർത്തുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവതലമുറയോട് ആവശ്യപ്പെട്ടു. ഐഐടി ദില്ലിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരിയാണെന്ന് കരുതി അംഗീകരിച്ച കാര്യങ്ങളെപ്പോലും ചോദ്യം ചെയ്യാനും സംശയങ്ങൾ ഉന്നയിക്കാനും, അതിലുപരി അവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള ധൈര്യം കാണിക്കാനും ബിരുദധാരികൾ തയ്യാറാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സാങ്കേതികവിദ്യ, വ്യവസായം, തൊഴിൽ മേഖല, ആഗോള ശക്തിസമവാക്യങ്ങൾ എന്നിവയെല്ലാം അതിവേഗം മാറുന്നതിനാൽ വരാനിരിക്കുന്ന 20 മുതൽ 30 വർഷങ്ങളിൽ എന്ത് സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയില്ല. എന്നാൽ നിരന്തരം പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കാനുള്ള കഴിവ് എല്ലാക്കാലത്തും പ്രധാനമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർപഠനം ശീലമാക്കുന്നവർക്ക് മാത്രമേ മുന്നേറാൻ സാധിക്കൂവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന് കരുത്തുപകരുന്നതിൽ യുവതലമുറയുടെ പങ്ക് വലുതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഐഐടി ദില്ലിയിൽ നിന്ന് നിരവധി യുവ സംരംഭകർ ഉയർന്നുവന്നിട്ടുണ്ട്. ഒരു സ്ഥാപനത്തിന് ഇത്രയധികം സംഭാവന നൽകാൻ കഴിയുമെങ്കിൽ, രാജ്യത്തെ മുഴുവൻ യുവശക്തിക്കും എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെമികണ്ടക്ടർ നിർമാണ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും പ്രധാനമന്ത്രി പരാമർശിച്ചു. ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഭാവിയിൽ എല്ലാം ഇന്ത്യയിൽ തന്നെ നിർമിക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
വലിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും കണ്ട് ഭയപ്പെടാതെ അവയെ ചെറിയ ഭാഗങ്ങളായി തിരിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി ബിരുദധാരികളോട് ആവശ്യപ്പെട്ടു. അടുത്ത 30–35 വർഷങ്ങൾ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ബിരുദം നേടി പുറത്തിറങ്ങുന്ന ഓരോരുത്തരും തങ്ങളുടെ തീരുമാനങ്ങൾ രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്ന് ചിന്തിക്കണം. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള ധൈര്യമാണ് ആവശ്യമെന്നും പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
