തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മോദിയും ഇ.ഡിയും വി.ഡിയും ഒത്തുചേർന്ന പ്രത്യേക കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഇ.ഡി നിർദ്ദേശപ്രകാരം മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തിരിക്കുന്നത്. കോലീബി കാലംതൊട്ട് ആരംഭിച്ച ഈ അവിശുദ്ധ ബന്ധം തെരഞ്ഞെടുപ്പിലും ഭരണത്തിലും തുടരുകയാണെന്നും, ഇതിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെ ലക്ഷ്യമിട്ടാണ് ഇ.ഡിയുടെ നടപടികളെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണ്. ഇ.ഡിക്ക് ലഭിച്ച മൊഴികളെല്ലാം പിന്നീട് പിൻവലിക്കപ്പെട്ടിട്ടുള്ളതാണ്. അത്തരം മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. എന്നാൽ സി.എം.ആർ.എല്ലിൽ നിന്ന് രാഷ്ട്രീയ ഫണ്ടിന്റെ പേരിൽ അനധികൃതമായി പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ട് മന്ത്രിമാർ നിലവിലെ യു.ഡി.എഫ് മന്ത്രിസഭയിലുണ്ടെന്നും, അതിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം ഇന്ന് വൈകീട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.
സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനം:
- വൈദ്യുതി അനാസ്ഥ: സെപ്റ്റംബർ 15-നകം പവർകട്ട് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും ഇപ്പോഴും കടുത്ത വൈദ്യുത നിയന്ത്രണം തുടരുകയാണ്.
- ആരോഗ്യമേഖല തകർന്നു: മരുന്നുകൾ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. ചികിത്സാ പിഴവുകളുടെ ഘോഷയാത്രയാണ് സംസ്ഥാനത്ത് നടക്കുന്നത്.
- മാധ്യമ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറ്റം: അടിയന്തരാവസ്ഥക്കാലത്തിന് സമാനമായി എഡിറ്റോറിയൽ മുറിയിൽ പോലീസ് കയറി മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചെടുക്കുന്ന ജനാധിപത്യവിരുദ്ധ നടപടിയാണ് നടക്കുന്നത്.
- അഴിമതിയും പ്രോട്ടോക്കോൾ ലംഘനവും: കെ.എം. ഷാജിയുടെ ആഡംബര കാർ യാത്ര നിയമവിരുദ്ധമാണ്. ഉടമസ്ഥതയില്ലാത്ത വാഹനം ഉപയോഗിക്കാൻ മുൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ ചെലവ് ആര് വഹിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണം.
- മന്ത്രിമാരുടെ വിദേശയാത്ര: സർക്കാർ ചെലവിലല്ലാതെ സ്പോൺസർഷിപ്പിൽ നടത്തുന്ന മന്ത്രിമാരുടെ വിദേശയാത്രകൾ സത്യപ്രതിജ്ഞാ ലംഘനമാണ്.
- ദുരിതാശ്വാസ സഹായം നൽകിയില്ല: മഴക്കെടുതി ദുരന്തബാധിതർക്ക് വലിയ തുക ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും കോട്ടയത്ത് വിവരശേഖരണം പോലും നടത്തിയിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
