Home Top Storiesഅമേരിക്കൻ അംബാസിഡറുമായി ഉന്നതതല ചർച്ച നടത്തി മുഖ്യമന്ത്രി

അമേരിക്കൻ അംബാസിഡറുമായി ഉന്നതതല ചർച്ച നടത്തി മുഖ്യമന്ത്രി

by news_desk
0 comments

കൊച്ചി: കേരളവും അമേരിക്കയും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ത്യയിലെ യു.എസ് അംബാസിഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചുനടന്ന നിർണായക ചർച്ചയിൽ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്കാരം, നിക്ഷേപം, സമുദ്ര വികസനം എന്നീ മേഖലകളിലെ വികസന സാധ്യതകളാണ് പ്രധാനമായും ചർച്ചയായത്.

കേരളത്തിലെയും അമേരിക്കയിലെയും പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ‘സിസ്റ്റർ സിറ്റീസ്’ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ യോഗം വിലയിരുത്തി. കൂടാതെ വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് സമുദ്ര ലോജിസ്റ്റിക്സ്, കപ്പൽ നിർമാണം, റിപ്പയറിങ്, ഗ്രീൻ ബങ്കറിങ് തുടങ്ങിയ മേഖലകളിൽ വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനെക്കുറിച്ചും ആശയവിനിമയം നടന്നു.

അതേസമയം, കൂടിക്കാഴ്ച നടന്ന അതേ ഹോട്ടലിൽ മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസിന്റെ സാന്നിധ്യമുണ്ടായിരുന്നത് വൻ ശ്രദ്ധനേടി. മുഖ്യമന്ത്രിയുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. സ്വകാര്യ സന്ദർശനത്തിനായി കേരളത്തിലെത്തിയ മൈക്കിൾ ബൂലോസ് പിന്നീട് ആലപ്പുഴയിലേക്ക് തിരിച്ചു.

You may also like