തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിനും മന്ത്രിമാർക്കുമെതിരെ രൂക്ഷമായ ആക്രമണവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. യു.ഡി.എഫിന് ഭരണം ലഭിച്ചത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയാണെന്നും ഒരു വകുപ്പ് പോലും കാര്യക്ഷമമായി നടത്താൻ ഇവിടുത്തെ മന്ത്രിമാർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ‘ഈ മന്ത്രിമാരെ എവിടുന്ന് കിട്ടി’ എന്നാണ് ഇപ്പോൾ കേരള ജനത ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സ്യത്തൊഴിലാളികളോട് സർക്കാർ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ വീടിന് തൊട്ടടുത്തായിരുന്നു കാണാതായ മറ്റ് മത്സ്യത്തൊഴിലാളികളുടെ വീടുകൾ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി അങ്ങോട്ട് പോകാൻ തയ്യാറായില്ല. രാജേഷിന്റെ മൃതദേഹം അനാദരവോടെയാണ് കൊടുത്തയച്ചതെന്നും ഇതിൽ ആരോഗ്യവകുപ്പ് മന്ത്രി മറുപടി പറയണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. തോറ്റവർ സംസാരിക്കരുതെന്ന യു.ഡി.എഫ് വാദത്തിന് കെ. മുരളീധരൻ ഏഴുതവണ തോറ്റ വ്യക്തിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അധികാരത്തിൽ വന്നതുമുതൽ ആർ.എസ്.എസ് അനുകൂലികളെ പ്രധാന തസ്തികകളിൽ നിയമിക്കുകയാണെന്നും സവർക്കറുമായി ബന്ധപ്പെട്ട ക്വിസ് വിവാദത്തിൽ വെറും അന്വേഷണം കൊണ്ടുമാത്രം കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് ഭരണത്തിൽ ഭിന്നശേഷിക്കാർ അടക്കം 650-ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജീവനക്കാരെ സ്ഥലം മാറ്റുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി സത്യപ്രതിജ്ഞാ ലംഘനമാണ്. വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് രാജാവിനേക്കാൾ വലിയ രാജഭക്തിയാണെന്നും അത് ഉടനടി പിൻവലിക്കുന്നതാണ് നല്ലതെന്നും ശിവൻകുട്ടി ഓർമ്മിപ്പിച്ചു.
അതേസമയം, മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും ലേബർ കോഡുകൾക്കുമെതിരെ ഓഗസ്റ്റ് 10-ന് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധിക്കുമെന്നും തിരുവനന്തപുരത്ത് നടക്കുന്ന സമരം ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
