തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴ അതിശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിലുള്ള കാറ്റിനും സാധ്യത പ്രവചിക്കുന്നു.
ഇടുക്കിയുടെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. കല്ലാർകുട്ടിയിൽ മണ്ണിടിഞ്ഞു വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിൽ ലക്ഷം വീട് നഗറിന് സമീപവും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് അടിമാലി ടൗണിലും ലൈബ്രറി റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മൂന്നാറിലും മഴ ശക്തമായി തുടരുകയാണ്.
അതേസമയം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷയ്ക്കും മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലുള്ള കടുത്ത കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
