Home Keralaപ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകി; പറവൂരിൽ ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ കേസ്

പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകി; പറവൂരിൽ ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ കേസ്

by news_desk1
0 comments

പറവൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയെന്ന പരാതിയിൽ പറവൂരിലെ കള്ള് ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ പൊലീസ് കേസ്. കള്ള് കഴിച്ച് ബസിൽ യാത്ര ചെയ്യുന്നതിനിടെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഒരാൾ തളർന്നുവീഴുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.

ശനിയാഴ്ചയാണ് 16 വയസുള്ള രണ്ട് പെൺകുട്ടികളും ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ചേർന്ന സംഘം പറവൂർ-ചെറായി റോഡിലെ പാടത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലെത്തിയത്. ഷാപ്പിൽ നിന്ന് കള്ള് കഴിച്ച ശേഷം മൂവരും ബസിൽ മടങ്ങുകയായിരുന്നു.

യാത്രയ്ക്കിടെ പെൺകുട്ടികളിലൊരാൾ അമിതമായി ഛർദിച്ചു. മുനമ്പം ഭാഗത്ത് ബസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ പെൺകുട്ടി തളർന്നുവീണു. വിവരമറിഞ്ഞ് മുനമ്പം പൊലീസ് സ്ഥലത്തെത്തി കുട്ടികളെ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിശോധനയിൽ അമിതമായി കള്ള് കഴിച്ചതാണ് ഛർദിക്കും മറ്റ് ദേഹാസ്വാസ്ഥ്യങ്ങൾക്കും കാരണമെന്ന് വ്യക്തമായി. തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ പറവൂർ പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like