തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലർ വിവാദത്തിൽ. അതേസമയം, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ വിഭാഗം നൽകിയ നിർദേശത്തിൽ വന്ദേമാതരം ആലപിക്കുന്നതിനെക്കുറിച്ച് പരാമർശമില്ല. ദേശീയ ഗാനം ആലപിക്കണമെന്ന നിർദേശം മാത്രമാണ് ഇതിലുള്ളത്.
‘ഹർ ഘർ തിരംഗ’ പരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 9 മുതൽ 17 വരെ നടക്കുന്ന വിവിധ പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലറിലെ നിർദേശം. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. വന്ദേമാതരം മുഴുവനായും ആലപിക്കുന്നതിനെ ദേശീയ തലത്തിൽ കോൺഗ്രസ് എതിർക്കുന്നതിനിടെ സർക്കുലർ പുറത്തിറക്കിയത് ചർച്ചയായി. പ്രതിപക്ഷ നേതാവും ഇതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. സർക്കുലറിനെ അനുകൂലിക്കാതെയായിരുന്നു ആഭ്യന്തര, വ്യവസായ മന്ത്രിമാരുടെ പ്രതികരണവും.
വന്ദേമാതരം പൂർണമായും ആലപിക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും വ്യക്തമാക്കിയത്. അതേസമയം, ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ ഇറക്കിയതെന്ന വിശദീകരണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്.
കേന്ദ്ര നിർദേശം അതേപടി താഴേക്ക് കൈമാറുകയാണ് ചീഫ് സെക്രട്ടറി ചെയ്തതെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം. എന്നാൽ ഈ മാസം നാലിന് പ്രോട്ടോക്കോൾ വിഭാഗം ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ എങ്ങനെ നടത്തണമെന്നതുമായി ബന്ധപ്പെട്ട് നൽകിയ സർക്കുലറിൽ വന്ദേമാതരത്തെക്കുറിച്ച് പരാമർശമില്ല. ദേശീയ ഗാനത്തെക്കുറിച്ച് മാത്രമാണ് നിർദേശമുള്ളത്.
നേരത്തെ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാജ്ഭവൻ നിർദേശപ്രകാരം വന്ദേമാതരം പൂർണമായും ആലപിച്ചതും വിവാദമായിരുന്നു.
